Monday, December 31, 2012

book of the year-paper lodge

പ്രിയപ്പെട്ട വായനക്കാരേ,
ഈ വര്‍ഷം കടന്നുപോകുന്നത് എന്‍റെ സാഹിത്യ ജീവിതത്തിനും വ്യക്തിജീവിതത്തിനും ലഭിച്ച ഈ വലിയ സന്തോഷത്തോടെയാണ്.
നന്ദി.
നവവത്സരാശംസകള്‍ .

Tuesday, December 18, 2012

നക്ഷത്രങ്ങള്‍ തൂങ്ങുന്ന ആകാശം.


ഡിസംബര്‍ ആരംഭിക്കുന്നതോടെ മനസ്സിലേക്ക്‌ വരുന്നത്‌ നനുനനുന്നനെ വെളുത്ത മഞ്ഞുകാലമാണ്‌.കുട്ടിക്കാലത്ത്‌ വായിക്കാന്‍ കഴിഞ്ഞ റഷ്യന്‍ ക്ലാസിക്കുകള്‍ പരിചയപ്പെടുത്തിയ മഞ്ഞുകാലത്തിന്‌ മനസ്സില്‍ സാഹിത്യഭംഗി നിറയ്‌ക്കാന്‍ മാത്രമല്ല മാനവമായ ഉയര്‍ന്ന ചിന്ത പകരാനും പരത്താനും കഴിഞ്ഞിട്ടുണ്ട്‌.
നമ്മള്‍ മലയാളികള്‍ക്ക്‌ മഞ്ഞുകാലമെന്നത്‌ മൂന്നാറിലോ കൊഡൈക്കനാലിലോ ഊട്ടിയിലോ ഉത്തരേന്ത്യയിലോ ചെല്ലുമ്പോള്‍ കാണാനാവുന്നത്‌ മാത്രമാണല്ലോ.കേരളത്തില്‍ ഋതുക്കള്‍ അതിന്റെ വരവറിയിക്കുന്നതും സാന്നിദ്ധ്യം നിലനിര്‍ത്തുന്നതും പതിയെയാണ്‌.ഒരുതരം മടിപോലെ.നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്തിനും മഴക്കാലത്തിനും ഇടയില്‍ മൂന്നുമാസം നില്‍ക്കുന്ന മഞ്ഞുകാലവും ഉണ്ടായിരുന്നെങ്കില്‍ ..എങ്കില്‍ ,നമ്മുടെ സാഹിത്യവും സിനിമയും മറ്റൊരുതരത്തിലുള്ള പ്രമേയങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ മനുഷ്യബന്ധങ്ങള്‍ വേറൊരു തലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുമായിരുന്നു.
റഷ്യന്‍ കഥകളില്‍ വായിച്ചറിഞ്ഞ മഞ്ഞുകാലത്തെ എന്റെ കശ്‌മീര്‍ യാത്രയില്‍ നേരിട്ടറിയാനായിട്ടുണ്ട്‌.കാണുന്നിടത്തെല്ലാം വെളുപ്പ്‌ മാത്രം.അകത്തേക്കടിച്ചുകയറുന്നത്‌ തണുത്ത വായുമാത്രം.ചവിട്ടുന്നിടത്തെല്ലാം മഞ്ഞ്‌ മാത്രം.വല്ലാത്ത അനുഭവമായിരുന്നു അത്‌.
എന്റെ ഓര്‍മ്മകള്‍ ഡിസംബറിന്റെ വരവോടെ പതിവായി പിന്നോട്ടോടുന്നു.അത്‌ ചെന്നുനില്‍ക്കുന്നത്‌ ഹൈറേഞ്ചിലെ കാടുകളിലും മേടുകളിലുമാണ്‌.എന്റെ കുട്ടിക്കാലം ചെലവഴിച്ച വെള്ളത്തൂവല്‍ പട്ടണത്തിനു പരിസരത്ത്‌ എനിക്ക്‌ ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നു.ഞങ്ങളുടെ പ്രധാനവിനോദങ്ങളിലൊന്നായിരുന്നു ഡിസംബറിലെ മലകയറ്റങ്ങള്‍ .അസാധാരണമായ അനുഭവങ്ങളും ഓര്‍മ്മകളും ചോറിന്‍ പശ ചേര്‍ത്ത്‌ ഒട്ടിച്ചുവച്ച നോട്ടുബുക്കാണ്‌ എനിക്ക്‌ ഡിസംബര്‍ .
വൃശ്ചികം പിറക്കുന്നതോടെ ഹൈറേഞ്ചിലെ വീടുകളില്‍ ശബരിമലയ്‌ക്കുപോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.ഒരുവീട്ടില്‍നിന്നും രണ്ടും മൂന്നും ആളുകള്‍ പോകുന്നുണ്ടാവും.കുട്ടികളുമുണ്ടാവും.പലവീടുകളിലും പെരിയ സ്വാമിമാരും ഉണ്ടാവും.എന്റെ അച്ഛന്‍ കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക്‌ മലയ്‌ക്ക്‌ പോകാനുള്ള വ്രതം എടുക്കേണ്ടതായി വന്നിട്ടില്ല.അങ്ങനെയൊരു സംസാരം തന്നെ വീട്ടിലുണ്ടായിട്ടില്ല.അതേസമയം സ്‌കൂളിലും നാടുകളിലും വ്രതവിശേഷങ്ങളും ശരണംവിളികളും മാത്രമായിരിക്കും.
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതോടെ കൂട്ടിമുട്ടിയ ഞങ്ങള്‍ ആറു സുഹൃത്തുക്കള്‍ ഡിസംബര്‍ ആകുന്നതോടെ മറ്റൊരു യാത്രയ്‌ക്കുള്ള വ്രതം എടുത്തുതുടങ്ങും.അതും മലകയറ്റത്തിനുള്ള വ്രതമാണ്‌.ഹൈറേഞ്ചിലെ ഏതെങ്കിലും കുരിശ്‌മുടി കയറാനുള്ള തയ്യാറെടുപ്പ്‌.കൂവിവിളിച്ചുള്ള മലകയറ്റം.
പ്രധാനമായും ക്രിസ്‌ത്യാനികള്‍ അനുഷ്‌ഠിക്കുന്നതാണ്‌ ഈ പറഞ്ഞ മലകയറ്റം.ക്രിസ്‌മസ്‌ തലേന്ന്‌ മല കയറുക അവരുടെ ആചാരമാണ്‌.ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാവും.കനത്ത വെയിലുണ്ടാലും.മല മുകളിലെത്തിയാല്‍ തണുത്ത കാറ്റും മഞ്ഞും വരുന്നുണ്ടാവും.അവിടെ ആരെങ്കിലും സ്ഥാപിച്ച ഒരു കല്‍ക്കുരിശുണ്ടാവും.അതില്‍ തൊട്ടുവണങ്ങി തീര്‍ത്ഥാടകര്‍ തിരിച്ച്‌ മലയിറങ്ങും.
പക്ഷേ ഞങ്ങള്‍ക്കത്‌ ആചാരമോ അനുഷ്‌ഠാനമോ അല്ല ആഘോഷമാണ്‌.ഈ ആറുപേരില്‍ എല്ലാ മതക്കാരുമുണ്ട്‌.ആഘോഷമായിട്ടാണ്‌ ഞങ്ങളുടെ മലകയറ്റം.ഞങ്ങള്‍ ചെറുപ്പക്കാരുടെ യാത്ര സാഹസികസഞ്ചാരമാണ്‌.ആരും കയറാത്ത മലകള്‍ തെരഞ്ഞെടുത്താണ്‌ ഞങ്ങള്‍ കയറുക.അതിനായി എത്ര ദൂരവും വണ്ടിയോടിക്കും.ബൈക്കുകളിലാണ്‌ യാത്ര.ഇന്നോര്‍ക്കുമ്പോള്‍ പല യാത്രകളെക്കുറിച്ചും ചെറുതല്ലാത്ത ഭയം തോന്നുന്നുണ്ട്‌.ദേവികുളത്തിനടുത്തുള്ള ചൊക്കന്‍മുടി,ഇലവീഴാപ്പൂഞ്ചിറ,പാല്‍ക്കുളംമേട്‌,രാമക്കല്‍മേട്‌,ലക്ഷ്‌മിമുടി..പിന്നെ നോക്കിയാല്‍ വെല്ലുവിളി തോന്നുന്ന ഏതുകുന്നും.അതായിരുന്നു ആറേഴ്‌കൊല്ലത്തെ പതിവ്‌.പിന്നെ പലരും പല വഴിക്ക്‌ പിരിഞ്ഞു.ഇപ്പോള്‍ ആ യാത്രാസംഘമില്ല.
പലപ്പോഴും കുരിശ്‌ കുത്തിയിട്ടില്ലാത്ത കുന്നുകളിലേക്കാണ്‌ ഞങ്ങള്‍ കയറുക.തിരക്ക്‌ ഒഴിവാക്കാനും സ്വസ്ഥത നിലനിര്‍ത്താനുമാണത്‌.ഉയരത്തിലെത്തിയാല്‍ ശാന്തിയാണ്‌.ചിലയിടങ്ങളില്‍ ഞങ്ങള്‍ രാത്രി ചെലവഴിച്ചിട്ടുണ്ട്‌.പാട്ടും ഏകാംഗാഭിനയവും മറ്റുമായി നേരം പുലരും.അത്തരം യാത്രകളിലും രാത്രികളിലുമാണ്‌ ഹൈറേഞ്ചിന്റെ സൗന്ദര്യം ഞാന്‍ അനുഭവിച്ചിട്ടുള്ളത്‌.
നക്ഷത്രങ്ങള്‍ ദേഹത്തേക്ക്‌ ഉതിരുന്നതായി തോന്നും.കാറ്റില്‍ പുല്ലുലഞ്ഞുപോകുന്നത്‌ തിരമാലകള്‍ പോലെ തോന്നും.(സമീപകാലത്ത്‌ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ കാറ്റുപിടിക്കുന്ന പുല്ലുകളുടെ ചാരുത ഞാന്‍ കണ്ടിരുന്നു.)ഡിസംബറിന്‌ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ചില ഭംഗികള്‍ പ്രകൃതി മനുഷ്യരിലേക്ക്‌ പകരുന്നത്‌ തൊട്ടറിഞ്ഞിട്ടുണ്ട്‌.അതില്‍ മറക്കാനാവാത്തതാണ്‌ മനുഷ്യരുണ്ടാക്കി തൂക്കുന്ന നക്ഷത്രവിളക്കുകളുടെ ഭംഗി.പിന്നെ ക്രിസ്‌മസ്‌ കാര്‍ഡുകളുടെ നിറവ്‌.
ഡിസംബറായാല്‍ ക്രിസ്‌മസ്‌-ന്യൂ ഇയര്‍ കാര്‍ഡുകള്‍ വാങ്ങുന്നതും അയക്കുന്നതുമായിരുന്നു കമ്പം.ഞങ്ങള്‍ കുറേപ്പേര്‍ തനിയെ വരച്ചുണ്ടാക്കുന്ന കാര്‍ഡുകളായിരുന്നു അയച്ചുകൊണ്ടിരുന്നത്‌.തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന ഒരു കാര്‍ഡ്‌ സമ്മാനിച്ച കണ്ണീര്‍ ഞാനിന്നും മറന്നിട്ടില്ല.
ഇതാ വീണ്ടും ഡിസംബര്‍.പന്ത്രണ്ട്‌ മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം..ഇഷ്‌ടപ്പെട്ട കവിതാശകലംപോലെ..
(യുവ @ഹൈവേ)

Sunday, December 2, 2012

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ


ടക്കന്‍ കേരളത്തിലെ അതിപ്രശസ്‌തമായ ഒരു കലാലയത്തില്‍ രണ്ടുദിവസമായി നടത്തിയ ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ പങ്കെടുക്കുകയുണ്ടായി.കേരള സര്‍ക്കാരിന്റെ 2011-12 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രമായിരുന്നു അത്‌.അതായത് കോളജധ്യാപകര്‍ക്കായി നല്‍കുന്ന ഹ്രസ്വകാല പരിശീലനപരിപാടി.കിട്ടിയ അറിയിപ്പനുസരിച്ചാണെങ്കില്‍ വിവിധ കലാലയങ്ങളിലെ പതിനഞ്ചോളം അസിസ്റ്റന്റ്‌ പ്രൊഫസര്‍മാര്‍ (യുവാക്കള്‍ !)രണ്ടു ദിവസങ്ങളായി നടന്ന ശില്‌പശാലയില്‍ പങ്കെടുത്തിട്ടുണ്ടാവണം.കേട്ടിരിക്കാനും കുറേപ്പേര്‍ വന്നിട്ടുണ്ടാവണം.സമൃദ്ധമായ ചര്‍ച്ചകളും വിലയിരുത്തലും നിഗമനങ്ങളും അപഗ്രഥനങ്ങളും രണ്ടുദിവസങ്ങളിലായി നടന്നിരിക്കാനിടയുണ്ടെന്ന പ്രതീക്ഷയിലാണ്‌ ഞാനവിടെ എത്തിയത്‌.കാരണം ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രാമാണല്ലോ ഇത്‌.എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്തിനാണ്‌ ഇത്തരം പരിപാടികള്‍ സര്‍ക്കാരിന്റെ ഫണ്ട്‌ മുടക്കി അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്നത്‌.?
കടലാസ്‌ അവതരിപ്പിക്കാനും സംവാദത്തില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതുവഴി ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണോ ഇത്തരം അധ്യാപകരുടെ കണ്ണ്‌.?
അതോ ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്നതുവഴി ഉദ്യോഗത്തിനു ലഭിച്ചേക്കാവുന്ന സല്‍പ്പേരിന്റെയും അധികയോഗ്യതയുടെയും ലാഭമോ.?
ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ മാനസിക തൃപ്‌തിയും അറിയാവുന്ന വിഷയത്തിന്റെ വിപുലീകരണത്തിലൂടെ ലഭിക്കുന്ന അറിവിന്റെ വികാസവുമാണ്‌ അവിടെ സംഭവിക്കേണ്ടത്‌.വന്ന യുവ അധ്യാപകര്‍ ആ മട്ടിലുള്ള വികാസവും ഉയര്‍ച്ചയുമാണ്‌ ഉദ്ദേശിച്ചതെന്ന്‌ എനിക്ക്‌ തോന്നിയില്ല.എനിക്കങ്ങനെ തോന്നാത്തത്‌ സംവാദത്തില്‍ പങ്കെടുത്ത സദസ്സിന്റെ പ്രതികരണം കണ്ടിട്ടാണ്‌.അതേതാണ്ട്‌ ശവസംസ്‌കാരവേളയില്‍ കാണപ്പെടാറുള്ളതരം വേദനിപ്പിക്കുന്ന നിശ്ശബ്‌ദത മൂടിയതായിരുന്നു.
വേദിയിലിരിക്കുന്നവരൊക്കെ മരിച്ചവരാണെന്നും അങ്ങനെ വേദിയില്‍ ചത്തിരിക്കുന്നവരുടെ സംസ്‌കാരകര്‍മ്മമാണ്‌ അവിടെ നടക്കുന്നതെന്നും അതില്‍ മറ്റുള്ളവര്‍ പങ്കുകൊള്ളുകയാണെന്നും എനിക്കു തോന്നിപ്പോയി.അടക്കം പറച്ചിലുകള്‍പോലും ഉതിരുന്നുണ്ടായിരുന്നില്ല.സംവാദവേദി അങ്ങനെയായിരുന്നെങ്കില്‍ അതിനുമുമ്പും പിമ്പും നടന്ന കടലാസവതരണങ്ങള്‍ ഉറക്കം തൂങ്ങികളുടെ മധ്യത്തിലുള്ള മൂകാഭിനയമായിരിക്കാനാണിട.ഇതാണ്‌ യുവ കോളജ്‌ അധ്യാപകര്‍ക്ക്‌ നല്‍കുന്ന ഹ്രസ്വകാല പരിശീലന പരിപാടിയെങ്കില്‍ `ഹാ,കൊള്ളാം'എന്നുമാത്രമേ പറയാനുള്ളൂ.കുറ്റം സര്‍ക്കാരിന്റേതോ സംഘാടകരുടെതോ അല്ല.പങ്കെടുത്ത `വിദഗ്‌ധ'ജനങ്ങളുടെത്‌ മാത്രമാണ്‌.അവരെ വിദഗ്‌ധരായി പരിഗണിച്ചവരുടെതും.
സെമിനാറില്‍ ആദ്യവസാനം ഇരിക്കാതെയും അവതരിപ്പിച്ച പേപ്പറുകള്‍ കേള്‍ക്കാതെയും ഇങ്ങനെ അടച്ച്‌ കുറ്റം പറയുന്നത്‌ ശരിയല്ലെന്ന്‌ എനിക്കും അറിയാം.പക്ഷേ സംവാദമെന്നത്‌ അവിടെ നടക്കുന്ന ആകെ കടലാസവതരണങ്ങളിലെ ഏറ്റവും കനമേറിയ പരിപാടിയാണ്‌.കാരണം,2000-നു ശേഷമുള്ള മലയാളനോവലിനെയാണ്‌ അവിടെ പഠനവിശകലനങ്ങള്‍ക്ക്‌ വിധേയമാക്കുന്നത്‌.മലയാള നോവലുകളുടെ ഫലപ്രദമായ സാംസ്‌കാരികവായനകളാണ്‌ സംഘാടകരും സര്‍ക്കാരും ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്‌.അതിനര്‍ത്ഥം അവിടെ സംവാദത്തിനുപോകുന്നത്‌ സൂക്ഷിച്ചുവേണമെന്നാണ്‌.ആമുഖ പ്രഭാഷണത്തില്‍ ഞാനത്‌ എടുത്തുപറയുകയും ചെയ്‌തു.അതായത്‌ മാരകമായ ചോദ്യങ്ങളുമായി നേരിട്ടാല്‍ പതറിപ്പോവുകയേ ഉള്ളൂ എന്നാണ്‌ അല്‌പജ്ഞാനിയും നോവലെഴുത്തിലെ തുടക്കക്കാരനുമായ ഞാന്‍ പറഞ്ഞത്‌.അത്‌ ആത്മാര്‍ത്ഥമായും സദസ്സിന്റെ കഴിവിനെ ആദരിച്ചും ബഹുമാനിച്ചും തന്നെയാണ്‌ പറഞ്ഞത്‌.എന്നാല്‍ ബധിരരും മൂകരുമായ കോളജ്‌ അധ്യാപകര്‍ അവരുടെ നിശ്ശബ്‌ദതകൊണ്ട്‌ സകല അലങ്കാരങ്ങളും എടുപ്പുകളും പൊളിച്ചുനിലത്തിട്ടുതന്നതാണ്‌ പിന്നീട്‌ കണ്ടത്‌.എനിക്കുതന്നെ തോന്നിപ്പോയി,ഇവരെ പേടിച്ചിട്ടാണോ വലിയ വലിയ ചോദ്യങ്ങള്‍ ചോദിക്കുമോ എന്ന്‌ ആശങ്കപ്പെട്ടതെന്ന്‌.
2000-നുശേഷം നോവലെഴുതിയവര്‍ തന്നെയായിരുന്നു വേദിയിലുണ്ടായിരുന്നത്‌.രാജു കെ.വാസു(ചാവൊലി)ഖദീജ മുംതാസ്‌(ബര്‍സ,ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌,ആതുരം)സുഭാഷ്‌ ചന്ദ്രന്‍ (മനുഷ്യന്‌ ഒരു ആമുഖം) പിന്നെ ഞാനും.ഇത്രയും പേരാണ്‌ ആദ്യ ദിവസത്തെ സംവാദവേദിയില്‍ അഭിമുഖമിരുന്നത്‌.

ഇത്‌ വായിക്കുന്ന വായനക്കാര്‍ പറയൂ.നോവലും സമൂഹവും തമ്മിലുള്ള പാരസ്‌പര്യം തിരിച്ചറിയാനും സാംസ്‌കാരികമായ അന്വേഷണങ്ങളിലേക്ക്‌ വഴി തെളിക്കാനുമുള്ള പരിശ്രമമാണ്‌ ഈ ശില്‌പശാല എന്നു സംഘാടകര്‍ വിശേഷിപ്പിച്ചത്‌ അന്വര്‍ത്ഥമാക്കാന്‍ സദസ്സിന്‌ കഴിയേണ്ടതല്ലേ.?അതോ കടലാസവതരണങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്കുള്ള ദിവസക്കൂലി തന്നേക്കൂ,അതിലപ്പുറം സംസാരിക്കണമെങ്കില്‍ കാശ്‌ വേറെ തരേണ്ടിവരും എന്നാണോ.?അതോ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ സാദാവിദ്യാര്‍ത്ഥികളല്ല എന്ന ഭാവമോ.?അതുമല്ലെങ്കില്‍ വേദിയിലിരുന്ന എഴുത്തുകാര്‍ക്ക്‌ ശോഭ പോരാത്തതുകൊണ്ടാണോ.?
ഇതൊന്നുമല്ലെങ്കില്‍ അധ്യാപകരെ അധ്യാപകരാക്കുന്ന ഇവിടുത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്‌ കാര്യമായ പോരായ്‌മ ഉള്ളതുകൊണ്ടാണെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.മിക്കവാറും അതായിരിക്കാനാണിട.എഴുന്നേറ്റ്‌ നിന്ന്‌ അവിടെ നടക്കുന്ന മുഖ്യവിഷയത്തിലൂന്നി ഒരു കാര്യം പോലും തിരക്കാന്‍ കഴിയാത്തവരാണ്‌ ആ അധ്യാപകരെങ്കില്‍ അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരായിത്തീരാനാണിട.!
എനിക്ക്‌ അമര്‍ഷമുണ്ട്‌.സര്‍ക്കാരിനോടല്ല,സംഘാടകരോടല്ല,പ്രതിബദ്ധതയില്ലാതെ എന്തോ എന്തിനോ കാട്ടിക്കൂട്ടന്ന ഈ അസിസ്റ്റന്‌റ്‌ പ്രൊഫസര്‍മാരോട്‌.ഇവരൊക്കെ നോവലുകള്‍ വായിക്കാതെയും അതിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കാതെയും ഇരിക്കുന്നതാണ്‌ നല്ലത്‌.അതേപോലെ ഇത്തരം മൂല്യശോഷണം വന്ന സദസ്സുകളിലേക്ക്‌ സംവാദത്തിനെന്ന പേരില്‍ എഴുത്തുകാരെ എഴുന്നള്ളിക്കാതിരിക്കാനും മാന്യത കാട്ടണം.വേറൊന്നുമല്ല,ഏര്‍പ്പെടുന്ന പ്രവൃത്തി നാലാളറിയുന്ന വിധത്തില്‍ വൃത്തിയായി ചെയ്യുന്നവരാണ്‌ എഴുത്തുകാരിലെ പലരും.ബധിരതയും മൂകതയും സമ്മേളിക്കുന്നിടത്ത്‌ കാഴ്‌ചവസ്‌തുവാക്കാനുള്ളതല്ല എഴുത്തുകാരനെ.

(യുവ @ ഹൈവേ-പുതിയ ലക്കം)