Tuesday, October 30, 2012

ചെരാതുറങ്ങുന്ന വീട്‌


ഴിഞ്ഞ ദിവസം ഞാനും എന്റെ പുതിയ സിനിമയുടെ സംവിധായകന്‍ ബിജു ബെര്‍ണാഡും കൂടി പാലക്കാട്‌ പോയി മടങ്ങിവരികയായിരുന്നു.വരുന്ന വഴി പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി എന്നോട്‌ ചോദിച്ചു.നമുക്ക്‌ ലോഹിയേട്ടന്റെ വീട്ടില്‍ കയറിയാലോ..?ഞാന്‍ അമ്പരന്നുപോയി.എങ്ങനെയാണ്‌ ആ ശൂന്യതയിലേക്ക്‌ കയറിച്ചെല്ലാനാവുക?
മനസ്സ്‌ വല്ലാതെ തിങ്ങി.എങ്കിലും ഞാന്‍ പറഞ്ഞു.

``പിന്നെന്താ..പോകാം.പരിചയമുണ്ടോ വഴിയൊക്കെ..?''
``ലോഹിയേട്ടന്‍ മരിച്ച ദിവസം വന്നതാണ്‌.അന്നിവിടെ മുഴുവന്‍ ജനപ്രളയമായിരുന്നു.ചിത കത്തിത്തീര്‍ന്നിരുന്നില്ല ഞങ്ങള്‍ ചെല്ലുമ്പോള്‍.ചോദിച്ച്‌ പോകാം.''
കാര്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ അകലൂരിലേക്ക്‌ നീങ്ങി.പാലക്കാട്‌ നിന്ന്‌ മാഞ്ഞുപോകാന്‍ പോകുന്ന ഗ്രാമീണഛായകളാണ്‌ ചുറ്റിനും.മലയാളത്തെ പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്‍ ജീവിക്കാന്‍ ഏറെ മോഹിച്ച സ്ഥലം ഇതായതില്‍ അത്ഭുതമില്ല.ഞാനേറെ കേട്ടിരുന്നു ലോഹിയേട്ടന്റെ വീടിനെപ്പറ്റി.ആ വീട്ടുമുറ്റത്തിരുന്ന്‌ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടിട്ടുണ്ടായിരുന്നു.എപ്പോഴോ ആ വീടും പരിസരവും കാണമെന്ന്‌ മനസ്സില്‍ തോന്നിയിരുന്നതാണ്‌.
ഞാന്‍ ബിജുവിനോട്‌ ചോദിച്ചു.
``അവിടെ ഇപ്പോ ആരെങ്കിലും ഉണ്ടാവുമോ..ഉണ്ടെങ്കില്‍ തന്നെ അവരെ നിങ്ങള്‍ക്ക്‌ പരിചയമുണ്ടോ..എന്തുപറഞ്ഞ്‌ നമ്മളവിടെ ചെല്ലും.?''
അതെന്റെ സ്ഥായിയായ തോന്നലില്‍ നിന്നുണ്ടായ സംശയമായിരുന്നു.അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക്‌ അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം.ഇവിടെ അതുമാത്രമായിരുന്നില്ല പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത്‌.അത്‌ ലോഹിയേട്ടന്റെ അഭാവമായിരുന്നു.
കാര്‍ ഇടവഴികളിലൂടെ നീങ്ങുകയാണ്‌.വഴി പിശകിയോ എന്ന്‌ ബിജുവിന്‌ സംശയം.
``അന്ന്‌ ധാരാളം ആളുകളും വാഹനങ്ങളും നിറഞ്ഞ്‌ നിബിഢമായിരുന്നല്ലോ വഴി.''

ബിജു പറഞ്ഞു.
``ആരോടെങ്കിലും ചോദിക്കാം.''
കാര്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട്‌ ചോദിക്കാന്‍ നേരം ഞാന്‍ പിന്നെയും കുഴങ്ങി.എന്താണ്‌ ചോദിക്കേണ്ടത്‌.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക്‌ വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്‌.അതായത്‌ അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?എന്റെ പരുങ്ങല്‍ കണ്ടിട്ടാവണം,ബിജു പെട്ടെന്ന്‌ അന്വേഷിച്ചു.
``ലോഹിതദാസിന്റെ വീടെവിടെയാ..?''
ഞാനൊന്ന്‌ അന്ധാളിച്ചു.ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്തും നാടകകൃത്തും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?ആ സംശയത്തെ ശരി വയ്‌ക്കുന്ന വിധത്തില്‍ ഗ്രാമീണനായ മനുഷ്യന്‍ പറഞ്ഞു.
``നേരെ പോയാമതി.''
ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.ഇല്ലെങ്കില്‍ വഴി പറഞ്ഞുതന്ന മനുഷ്യന്‍ ഞങ്ങളെ രൂക്ഷമായി നോക്കുമായിരുന്നു.ഞങ്ങളുടെ കാറോടുന്ന മണ്‍വഴിയിലൂടെ അന്നുരാവിലെയും ലോഹിയേട്ടന്‍ നടക്കാന്‍ പോയിവന്നിട്ടുണ്ടാകണം.അങ്ങനെ ബിജുവിനും തോന്നിയിട്ടുണ്ടാകണം.കാറില്‍ അസുഖകരമായ മൗനം നിറഞ്ഞു.അതിനെ ഭേദിക്കാന്‍ ഞങ്ങള്‍ ലോഹിയേട്ടന്‍ ചെയ്‌ത സിനിമകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.തനിയാവര്‍ത്തനം മുതല്‍ എത്രയെത്ര സിനിമകള്‍.അധികം ശ്രദ്ധിക്കപ്പെടാതെ പോയ എഴുതാപ്പുറങ്ങളും മാലയോഗവും രാധാമാധവവും മുതല്‍ ചക്രം വരെ.ഹിറ്റുകളുടെ ബഹളത്തിനിടയില്‍ വേറിട്ടുനിന്ന മൃഗയയും സസ്‌നേഹവും കുടുംബപുരാണവും മഹായാനവും കുട്ടേട്ടനും വരെ.അങ്ങനെയങ്ങനെ സംസാരം നീണ്ടപ്പോള്‍ വീണ്ടും വഴിയെപ്പറ്റി സംശയമായി.അതുവഴി വന്ന പര്‍ദ്ദയിട്ട ഉമ്മയോട്‌ തിരക്കി.ഉമ്മയും കൈ ചൂണ്ടി നിസ്സംശയം വഴി പറഞ്ഞുതന്നു.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാന്‍ വിഷാദിയാവാന്‍ ആരംഭിച്ചു.
ലോഹിതദാസ്‌ ഒരെഴുത്തുകാരനായിരുന്നു.കടലാസിലും അഭ്രപാളിയിലും പകര്‍ത്തിയതിലുമധികം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ ഉലാത്തിയിട്ടുണ്ടാവും എന്നത്‌ ഒരെഴുത്തുകാരനായ എനിക്കൂഹിക്കാം.അത്തരം ചിന്തകള്‍ അദ്ദേഹത്തിനു മനസ്സില്‍ തോന്നിയത്‌ പല്ലു തേയ്‌ക്കുമ്പോഴോ വെറുതെ വഴിയിലേക്ക്‌ നോക്കിയിരുന്നപ്പോഴോ ഇത്തിരി കഞ്ഞി കുടിച്ചപ്പോഴോ അര്‍ദ്ധമയക്കത്തിലോ ആയിരിക്കാം.അത്തരം ചിന്തകളിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും അവിടെ കാണുകയും ചെയ്യും.അവിടേക്കാണ്‌ ഞങ്ങള്‍ ചെല്ലുന്നത്‌.ഇടവഴികള്‍ പരിസരത്തെ ക്ഷേത്രത്തെ ഒന്നുവളഞ്ഞു.കാടുമൂടിയ പറമ്പുകളാണ്‌ ചുറ്റിനും.തഴച്ചുവളര്‍ന്ന മുളങ്കൂട്ടം.
ഞാന്‍ പിന്നെയും തിരക്കി.
``നമ്മള്‍ എന്തു പറയും..എന്തിനു വന്നതാണെന്നു പറയും..?''
എന്റെ പരിഭ്രമം മനസ്സിലാക്കി ബിജു സമാധാനിപ്പിച്ചു.
``ലോഹിയേട്ടനുമായി പരിചയമുണ്ടായിരുന്നല്ലോ.ഇതുവഴി വന്നപ്പോ കയറിയതാണെന്ന്‌ പറയാം.''
അതുപറഞ്ഞുതീര്‍ന്നതും ബിജു പുറത്തേക്ക്‌ കൈചൂണ്ടി പറഞ്ഞു.
``അതാ ആ കാണുന്നതാണ്‌ വളപ്പ്‌.അതാണ്‌ വീട്‌.ദാ..അവിടെയാണ്‌ സംസ്‌കരിച്ചത്‌.''
അമരാവതി എന്ന വീട്‌ ഞാന്‍ കാറിലിരുന്ന്‌ കണ്ടു.ഞങ്ങള്‍ പുറത്തേക്കിറങ്ങി.ഇരുവശവും കാട്ടുകല്ല്‌ വച്ച്‌ കെട്ടിയ ചെറിയ മതില്‍.അതിനപ്പുറം ലോഹിയേട്ടന്റെ വീടിരിക്കുന്ന സ്ഥലം.പറമ്പില്‍ മേയുന്ന പശു.അതിന്റെ അഴിഞ്ഞുകിടക്കുന്ന കയറ്‌.പലതരം പക്ഷികളുടെ ശബ്‌ദങ്ങള്‍.തണുത്ത നിഴല്‍ പതിഞ്ഞ വഴി നയിക്കുന്നത്‌ പടിപ്പുരയ്‌ക്ക്‌ മുന്നിലേക്കാണ്‌.ഞങ്ങള്‍ നിശ്ശബ്‌ദരായി നടന്നു.എന്തുകൊണ്ടാണ്‌ ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്‌ദത സംഭവിച്ചത്‌.അറിയില്ല.എന്തുകൊണ്ടാണ്‌ ഞങ്ങളുടെ ശ്വാസത്തിനുപോലും അമിതമായ കനം അനുഭവപ്പെട്ടത്‌.അറിയില്ല.
ഇരുവശവും മുള്ളുവേലി വച്ചു തിരിച്ച വഴിയുടെ അറ്റത്തുള്ള പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.അവിടെ ആരുമുണ്ടായിരുന്നില്ല.ദ്രവിച്ചുതുടങ്ങിയ പടിപ്പുരക്കതകിന്റെ വിടവിലൂടെ ഞാന്‍ അകത്തേക്ക്‌ നോക്കി.വലിയ വീട്‌.വിശാലമായ ഉമ്മറം.കല്ലിട്ടു ചുവട്‌ കെട്ടിയ മരങ്ങള്‍.സുഗന്ധസസ്യങ്ങള്‍ തിങ്ങിയ മുറ്റം.ഇടത്തുമാറി ഒരറ്റത്ത്‌ രണ്ട്‌ കല്ലോടുകള്‍ ചരിച്ചുവച്ച ഒരിടം.ഒരു ചെരാത്‌ അവിടെ ഇരിക്കുന്നുണ്ടാകണം.ശരിയാണ്‌.ലോഹിതദാസ്‌ അവിടെയില്ല.ആള്‍ത്താമസമില്ലാത്തതിന്റെ പരുക്കന്‍സ്വഭാവം പരിസരത്തിനുണ്ട്‌.ഞങ്ങള്‍ വെറുതെ അടച്ചിട്ട പടിപ്പുരത്തിണ്ടില്‍ ഇരുന്നു.
ഞാനും ബിജുവും എഴുത്തുകാരാണ്‌.ലോഹിയേട്ടനെ അവസാനമായി കാണാന്‍ വന്ന്‌ നമസ്‌കരിച്ചുപോയ ആളാണ്‌ ബിജു.ആ പറമ്പിലെവിടെയോ അലിഞ്ഞുകിടക്കുന്ന ലോഹിയേട്ടന്റെ സ്‌മരണയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയുടെ ഒരു തുമ്പ്‌ ഞങ്ങളിലൂടെയും അദൃശ്യമായി തുടരുന്നുണ്ട്‌.അതുകൊണ്ടാണ്‌ ഞങ്ങള്‍ക്കിവിടെ എത്താന്‍ തോന്നിയത്‌.
അപ്പോള്‍ ഇലകളും ചുള്ളികളും ഞെരിയുന്ന ഒച്ചകേട്ടു.മുള്ളുവേലിക്കപ്പുറം കൈയിലുള്ള കമ്പിന്റെ ബലത്തില്‍ നടന്നുവരുന്ന ഒരു വൃദ്ധ.ഞാനും ബിജുവും അമ്പരപ്പോടെ മുഖാമുഖം നോക്കി.
``ഇത്‌..ഇത്‌..അവരല്ലേ..കന്മദത്തിലേ..!''
ബിജു എന്നോട്‌ ചോദിച്ചു.മറുപടി പറയാനാവാതെ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.അതെ എന്നു ഞാന്‍ പറയും മുമ്പ്‌ അവരിങ്ങോട്ട്‌ ചോദിച്ചു.
``ആരാ..എന്തിനാ വന്നേ..?''
``ഞങ്ങള്‍ ഇതിലെ പോയപ്പോള്‍ കയറിയതാണ്‌.''
``ഓ..ഇവിടെ ആരുമില്ല.ഞാനീ പശുവിനെ തെളിക്കാന്‍ വന്നതാ..''
അവര്‍ അതും പറഞ്ഞ്‌ നടന്നുനീങ്ങി.ഞാനും ബിജുവും വാക്കുകള്‍ നഷ്‌ടപ്പെട്ട്‌ നിന്നു.അത്‌ `കന്മദം' സിനിമയിലെ മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയുടെ ഛായയുള്ള ആരോ ആയിരുന്നു.ആ കഥാപാത്രത്തിന്റെ ഛായ അവര്‍ക്ക്‌ അത്ഭുതകരമായ വിധത്തില്‍ കൃത്യമായിരുന്നു.ഞങ്ങള്‍ ഇരുവര്‍ക്കും അത്‌ ഒരേപോലെ തോന്നിയതാണോ തോന്നിപ്പിച്ചതാണോ അതോ എല്ലാം ഒരു തോന്നലാണോ.!നിശ്ശബ്‌ദരായി വന്ന്‌ ഞങ്ങള്‍ കാറില്‍ കയറി.
കാര്‍ അകലൂരില്‍ നിന്നിറങ്ങി തിരിച്ച്‌ ഹൈവേയില്‍ കയറിയിട്ടും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല.
(ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്നത്.)

Monday, October 15, 2012

അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും


ആല്‍ഫാ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍ (ഫോണ്‍ -0497 2713737) പ്രസിദ്ധീകരിച്ചിട്ടുള്ള എന്‍റെ പുതിയ പുസ്തകമാണ് 'അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും'.വില 100 രൂപ.136 പേജ്.
ഞാനെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.ഒ.വി വിജയന്‍ ,ബഷീര്‍ ,ഉറൂബ്,ഇടശ്ശേരി,മാധവിക്കുട്ടി,കെ.പി.അപ്പന്‍ ,ടി പത്മനാഭന്‍ ,എം.ടി,സച്ചിന്‍ ടെന്‍ഡുല്‍കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ ലേഖനങ്ങളില്‍ കടന്നുവരുന്നു.
വെളിച്ചം മുന്നേ പോകുന്നു ഇരുള്‍ പിന്നാലെയും ,മധു പുരണ്ട കഠാരകള്‍ നിരത്തിയ ജീവിതപ്പാത ,അഭിരുചികള്‍ ധ്യാനിക്കുന്ന പ്രാര്‍ത്ഥനാലയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിന്.ആകെ ഇരുപത് ലേഖനങ്ങള്‍ .
ആദ്യമായാണ് എന്‍റെ ലേഖനങ്ങള്‍ സമാഹരിക്കപ്പെടുന്നത്.
പ്രിയ വായനക്കാര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു.

Wednesday, October 10, 2012

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍


കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും യാത്രയുടെയും ഭാഷയുടെയും നിയമാവലികള്‍ തെറ്റിച്ച്‌ അഭംഗുരം യാത്ര ചെയ്യുന്നവനാണ്‌ എഴുത്തുകാരന്‍ .വഴിയമ്പലങ്ങള്‍ നല്‍കുന്ന പാഥേയമാണ്‌ അവന്‍ ലോകത്തിനു കൊടുക്കുന്ന സാഹിത്യകൃതികള്‍ .അത്‌ ഭുജിക്കാനും പ്രസാദം പോലെ സൂക്ഷിച്ചുവയ്‌ക്കാനും സഹജീവികള്‍ക്കു പകരാനും വിധിക്കപ്പെട്ട ഭാഗ്യശാലികളാണ്‌ വായനക്കാര്‍ .ലോകത്തെങ്ങുമുള്ള വായനക്കാര്‍ .
ബാല്യകൗമാരസാഹസങ്ങള്‍ക്കിടയില്‍ സാഹിത്യത്തെ ഉപാസിക്കുന്നവനായിത്തീരുന്നിടത്ത്‌ എന്നെ കാത്തുനിന്നത്‌ രണ്ടുപേരാണ്‌.ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും.റൂള്‍ഫോ അസ്സല്‍ അധ്യാപകനായിരുന്നു.എങ്ങനെ മാറിച്ചിന്തിക്കാം എന്നു ചിന്തകളെ മറിച്ചിട്ടു കാണിച്ചുതന്ന ഗുരു.ദസ്‌തയേവ്‌സ്‌കി ഋഷിയായിരുന്നു.ശാന്തതയും അപാരതയുമായിരുന്നു അവിടെനിന്ന്‌ കിട്ടിയത്‌.മനുഷ്യമനസ്സുകളാണ്‌ എഴുത്തുകാരന്റെ ഏറ്റവും വലിയ കളം എന്ന വലിയ പാഠം കിട്ടിയത്‌ അവിടെനിന്നാണ്‌.പിന്നീട്‌ വന്ന മിലാന്‍ കുന്ദേരയാവട്ടെ വായനക്കാരന്‍ കൂടിയാക്കി എന്നെ.എഴുത്തുകാരനായാല്‍ മാത്രം പോരാ അവനവന്റെ കൃതികളിലൂടെയും അന്യരുടെ കൃതികളിലൂടെയും അഭിരമിച്ചു കടന്നുപോകുന്ന വായനക്കാരന്‍ കൂടിയായിരിക്കണം നാം എന്ന്‌ ബോധ്യപ്പെടുത്തിയത്‌ കുന്ദേരയാണ്‌.ആ അര്‍ത്ഥത്തില്‍ എനിക്ക്‌ ഞാനെഴുതിയ ഓരോ കൃതിയെയും പൊളിച്ചെഴുതാം.വീണ്ടും അനവധി വായനകള്‍ അതില്‍ സൃഷ്‌ടിക്കാം.അത്‌ സാധ്യമാണ്‌.അത്‌ തിരുത്തുമാണ്‌.ഞാനതിന്‌ ഇപ്പോള്‍ മുതിരുന്നില്ലെങ്കിലും.
ഈ സന്ദര്‍ഭത്തിലാണ്‌ ഒരു വ്യാഴവട്ടത്തിനുമുമ്പ്‌ ഞാന്‍ പൗലോ കോയ്‌ലോയെ വായിക്കുന്നത്‌.കോയ്‌ലോ എന്ന എഴുത്തുകാരനാണ്‌ സഞ്ചാരിയുടെ ഗൃഹപാഠം എഴുത്തിലുപയോഗിക്കുന്നതിനെപ്പറ്റി ആദ്യമായി എനിക്ക്‌ പറഞ്ഞുതന്നത്‌.കാളിദാസനെ ഇവിടെ മറക്കുകയല്ല ചെയ്യുന്നത്‌.ആധുനികകാലത്തെ സാമൂഹികസാഹചര്യങ്ങളില്‍ നിന്ന്‌ ചിന്തിക്കാന്‍ ശ്രമിക്കുകമാത്രമാണ്‌.അങ്ങനെ നോക്കുമ്പോള്‍ എഴുത്തിലേക്ക്‌ സഞ്ചാരിയുടെ അനുഭവത്തെ ക്ലേശമില്ലാതെ കയറ്റിവയ്‌ക്കുന്നതില്‍ രാജന്‍ കാക്കനാടനോളം വിജയിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക്‌ സംശയമാണ്‌.പക്ഷേ അത്‌ യാത്രാനുഭവങ്ങളുടെ പുസ്‌തകമായിരുന്നല്ലോ.എന്നാല്‍ സാഹിത്യമെഴുതുമ്പോള്‍ യാത്രയില്‍ നിന്ന്‌ ലഭിച്ച ദര്‍ശനങ്ങള്‍ സമ്മിശ്രമായും അരോചകമാവാതെയും കഥാപാത്രങ്ങളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും കരുത്തോടെ പകരുന്നതില്‍ വിജയിച്ചത്‌ കോയ്‌ലോയാണ്‌.
ആല്‍ക്കെമിസ്റ്റ്‌ എന്ന നോവല്‍ സാന്റിയാഗോ എന്ന ഇടയന്റെ യാത്രയുടെ കഥയാണെന്ന്‌ സാമാന്യമായി പറയാം.സ്‌പെയിനിലെ ഒരു പള്ളിമുറ്റത്ത്‌ നിന്നാരംഭിക്കുന്ന സാധാരണമായ യാത്ര പിന്നീട്‌ അസാധാരണമായ യാത്രയായിമാറുന്നു.ഇതാണ്‌ സാന്റിയാഗോയുടെ ജീവിതക്കാഴ്‌ചകളുടെ പുസ്‌തകമായി തീരുന്നത്‌.ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ (വായനക്കാരനും)ഉത്തരം കൊടുക്കേണ്ടതുണ്ട്‌.അത്‌ ചിന്തകളിലെയും അനുഭവങ്ങളിലെയും പങ്കിടലാണ്‌.ആനന്ദിനെ വായിക്കുമ്പോള്‍ നമ്മള്‍ സര്‍ഗ്ഗാത്മകമായിട്ടാണ്‌ വായിക്കേണ്ടിവരുന്നതെന്ന്‌ പറയുംപോലെ പൗലോ കോയ്‌ലോയെ വായിക്കുമ്പോള്‍ നമ്മള്‍ ധ്യാനാവസ്ഥയെക്കൂടി പങ്കിടേണ്ടിവരുമെന്ന്‌ കണ്ടെത്താം.ഉദാഹരണം-``കുറേ കല്ലുകളുടെ ഒരു കൂമ്പാരം.പറഞ്ഞുവരുമ്പോള്‍ അതല്ലേ ഈ പിരമിഡ്‌.അതു കാണാന്‍ ഈ മരുഭൂമിയൊക്കെ കടന്ന്‌ ആരാ അത്രയും ദൂരം പോവുക..?''
രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ സാന്റിയാഗോ ജോലിചെയ്യുന്ന ചില്ലുപാത്രക്കടയുടെ മുതലാളി അവനോട്‌ ചോദിക്കുന്ന ചോദ്യമാണിത്‌.ഇത്‌ എന്നോട്‌ തന്നെ പലവട്ടം ഞാനും ചോദിച്ചു.കുറേ കല്ലുകളുടെ കൂമ്പാരമാണ്‌ പിരമിഡ്‌.അതെന്തിനു കാണണം.പിന്നെയും ഞാന്‍ ചോദിച്ചു.കുറേ എല്ലുകളുടെയും രക്തത്തിന്റെയും മുടിയുടെയും സ്രവങ്ങളുടെയും കൂമ്പാരമാണ്‌ മനുഷ്യസ്‌ത്രീ.അതില്‍ നിന്നെന്താണ്‌ ഇത്ര അത്ഭുതകരമായി അനുഭവിക്കാനിരിക്കുന്നത്‌.വീണ്ടും ഞാന്‍ എന്നോട്‌ ചോദിച്ചു.കുറേ സങ്കല്‍പ്പങ്ങളുടെയും ഭയങ്ങളുടെയും അഭയത്തിന്റെയും അവ്യക്തരൂപമാണ്‌ ദൈവം.ദൈവത്തെ പരമിതപ്പെടുത്തുന്നത്‌ എന്തിനാണ്‌.അഥവാ ദൈവത്തെ പേടിക്കുന്നത്‌ എന്തിനാണ്‌.അതായത്‌ കുറേ കല്ലുകളുടെ അസാധാരണമായ കൂട്ടിയിടലാണ്‌ പിരമിഡ്‌.എന്നിട്ടും അത്‌ ലോകാത്ഭുതമായി മാറുന്നു.വാക്കുകളും അതേപോലെ കൂട്ടിയിടുന്നു.പക്ഷേ അതും അമ്പരപ്പിക്കുന്ന ഒരു കഥയോ നോവലോ ആയി മാറുന്നു.അപ്പോള്‍ പരിസരത്തുള്ളതിനെ കണ്ടെത്തുകയോ കാഴ്‌ചകൊണ്ട്‌ നമ്മള്‍ അഴിക്കുകയോ ചെയ്യുകയാണ്‌.അപ്പോഴാണ്‌ പിരമിഡ്‌ കല്ലുകൂട്ടമാവുന്നത്‌.ഒരു ക്ഷേത്രത്തെ,പള്ളിയെ,മോസ്‌കിനെ,ഗുരുദ്വാരയെ ഒക്കെ നമ്മള്‍ അറിവുകൊണ്ട്‌ അഴിക്കുകയാണ്‌.അല്ലെങ്കില്‍ പൊളിക്കുകയാണ്‌.അപ്പോള്‍ അത്‌ ഒരുകൂട്ടം കല്ലുകളുടെയും ഇഷ്‌ടികകളുടെയും കൂട്ടം മാത്രമാണ്‌.അവിടെ നമുക്ക്‌ മതാധ്യക്ഷന്മാരും പുരോഹിതന്മാരും പറഞ്ഞുവച്ചിട്ടുള്ള ദൈവത്തെ കണ്ടെത്താനാവുകയില്ല.ഇത്‌ പൗലോ കോയ്‌ലോ ആവിഷ്‌കരിക്കുന്നുണ്ട്‌.ജീവിതത്തിലേക്കുള്ള വെറോനിക്കയുടെ തിരിഞ്ഞുനടപ്പിനെ ഞാന്‍ സത്യസന്ധമായി സ്‌നേഹിക്കുന്നത്‌ ഇക്കാരണത്താലാണ്‌.കാര്യകാരണസഹിതമാണ്‌ കോയ്‌ലോയുടെ കഥാപാത്രങ്ങള്‍ പെരുമാറുന്നത്‌.ലോജിക്ക്‌ എന്നത്‌ കഥയിലും ജീവിതത്തിലും പ്രധാനമാണല്ലോ.
ആല്‍ക്കെമിസ്റ്റാണ്‌ ഞാന്‍ അദ്ദേഹത്തിന്റേതായി ആദ്യം വായിച്ച പുസ്‌തകം.(ലോകമെങ്ങും 65 മില്യന്‍ കോപ്പികള്‍ വിറ്റുപോയ പുസ്‌തകം.67 ലോകഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തുപോയ പുസ്‌തകം.വായനക്കാരന്റെ വിസ്‌മയം.ഓരോ എഴുത്തുകാരന്റെയും ആസൂയ.അതല്ലേ ആല്‍ക്കെമിസ്റ്റ്‌?)പിന്നെ ഫിഫ്‌ത്‌ മൗണ്ടന്‍ ,വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു തുടങ്ങി ഒട്ടെല്ലാ നോവലുകളും വായിച്ചിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ചില പാട്ടുകളും പിന്നീട്‌ നെറ്റില്‍ പോയി തിരഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ശ്രമിച്ചിട്ട്‌ കഴിഞ്ഞുമില്ല.എങ്കിലും അദ്ദേഹം അതൊന്നുമല്ല,നോവലിസ്റ്റാണ്‌.അതെനിക്കുറപ്പുണ്ട്‌.കാരണം പൗലോ കോയ്‌ലോ ലോകമെങ്ങും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.സരളമായ ഭാഷയിലൂടെ സംവദിച്ചുകൊണ്ടേയിരിക്കുന്നു.
എന്നെ സംബന്ധിച്ച്‌,മുന്നേ പറഞ്ഞപോലെ ഹുവാന്‍ റൂള്‍ഫോയെയോ ദസ്‌തയേവ്‌സ്‌കിയെയോ അതിശയിപ്പിക്കുന്ന നോവലിസ്റ്റല്ല ഈ ബ്രസീലിയന്‍ എഴുത്തുകാരന്‍ . ആല്‍ക്കെമിസ്റ്റിന്റെ ഇതിവൃത്തം തന്നെ നമ്മള്‍ ഭാരതീയര്‍ക്ക്‌ അസാധാരണമല്ല.യേശുവിന്റെ യാത്രകളും അത്ഭുതപ്രവര്‍ത്തികളും മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസവും നമുക്കന്യമല്ലാത്തതുപോലെ.(ഹൈറേഞ്ചില്‍ ജനിച്ചു ബാല്യകൗമാരം കഴിച്ച എനിക്ക്‌ ഹൈറേഞ്ചില്‍ കാണാത്ത ഒരു മാജിക്കല്‍ റിയലിസവും മാര്‍ക്കേസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌.)അതേസമയം കോയ്‌ലോ വിസ്‌മയിപ്പിക്കുന്നുണ്ട്‌.ആശയങ്ങളിലൂടെയും ഭാഷയിലൂടെയും.പൗലോയും ക്രിസും മരുഭൂമിയിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ (ദി വാല്‍കിരീസ്‌)ഒരെഴുത്തുകാരന്റെ തുടര്‍ച്ചയുടെയോ അനിവാര്യമാകുന്ന ചില ആവര്‍ത്തനങ്ങളുടെയോ കഥയോര്‍മ്മിപ്പിക്കുന്നുണ്ട്‌.കോയ്‌ലോയില്‍ ഭാരതീയത കൂടിയ അളവില്‍ കിടപ്പുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.അങ്ങനെയുള്ള ചില നിരീക്ഷണങ്ങളും വായിച്ചിട്ടുണ്ട്‌.ലാറ്റിനമേരിക്കന്‍ കടല്‍ത്തീരങ്ങളോടും ജീവിതത്തോടും നമുക്കുള്ള മമത പോലെ ഭാരതത്തിലെ ഗഹനമായ വിജ്ഞാനശ്രോതസ്സുകളോട്‌ ഒരു ബ്രസീലിയന്‍ എഴുത്തുകാരനും മമത ഉണ്ടാകാവുന്നതാണ്‌.
തീര്‍ച്ചയായും പൗലോ കോയ്‌ലോ എന്ന എഴുത്തുകാരനില്‍നിന്നു കിട്ടുന്ന പ്രേരണകളാണ്‌ എന്നെ സംബന്ധിച്ച്‌ പ്രധാനം.സഞ്ചാരിയുടെ കുതൂഹലങ്ങള്‍ എന്നും എഴുത്തുകാരന്റെ അതിന്ദ്രീയ മനോവ്യാപാരങ്ങള്‍ എന്നും ആ അറിവുകളെ വിളിക്കാം.അതുകാരണമാണ്‌ എനിക്ക്‌ നൂതനമായിരിക്കാനും സാധിക്കുന്നത്‌.

(കറന്‍റ് ബുക്സ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത് )

Monday, October 1, 2012

തിലകം


പുല്ലുകള്‍ വളര്‍ന്ന ഒരു ഭൂപ്രദേശം മനസ്സില്‍ കാണുക.നമ്മുടെ ചുറ്റിനും കാലങ്ങളായിട്ടുള്ളതാണ്‌ അത്‌.ഇപ്പോഴാണ്‌ നമ്മളതിനെ ശ്രദ്ധിക്കുന്നതെന്നുമാത്രം.ഇടക്കിടെ മരങ്ങള്‍ .പലതും പടര്‍ന്നു പന്തലിച്ചത്‌.ചിലത്‌ ഒറ്റപ്പെട്ടത്‌.പലതിലും കിളികള്‍ കുടുകെട്ടിയത്‌.കിളികള്‍ വന്നിരിക്കുകപോലും ചെയ്യാത്തതും.ചിലതിനുതാഴെ മൂര്‍ഖന്‍ പാമ്പുകളും പഴുതാരകളും വസിക്കുന്നുണ്ട്‌.പുല്ലുകള്‍ക്കിടയില്‍ കല്ലുകള്‍ .വലിയ പാറക്കെട്ടുകള്‍ .കുട്ടികള്‍ കണ്ടാല്‍ പെറുക്കി കീശയിലാക്കുന്നതരം വെള്ളാരങ്കല്ലുകളുമുണ്ട്‌ അവയ്‌ക്കിടയില്‍ .പ്രാണികളുണ്ട്‌.ശലഭങ്ങളുണ്ട്‌.തേന്‍കുടിക്കുന്ന ചെറുപക്ഷികള്‍ക്കിണങ്ങിയ വിധത്തില്‍ കാണപ്പെടുന്ന പൂക്കളും പൂച്ചെടികളുമുണ്ട്‌.അതിനൊക്കെയിടയില്‍ കുറ്റിച്ചെടികളും പതുങ്ങിയിരിക്കുന്ന കാറ്റുമുണ്ട്‌.കാറ്റിനൊപ്പം പരക്കുന്ന സുധന്ധവും ദുര്‍ഗന്ധവുമുണ്ട്‌.മേലെ ആകാശമുണ്ട്‌.താഴെ അടരടരുകളായി മണ്ണും.
ഋതുഭേദങ്ങള്‍ മാറുന്നു.അതും നമ്മളറിയുന്നില്ല.നമ്മള്‍ ശ്രദ്ധിക്കുന്നില്ല അതൊന്നും.മഞ്ഞുകാലത്ത്‌ മരങ്ങളും മണ്ണും പാറകളും വിറങ്ങലിക്കുന്നു.ആകാശം വിളറുകയും നിറം വയ്‌ക്കുകയും ചെയ്യുന്നു.വേനല്‍ക്കാലത്ത്‌ അവ ആഹ്ലാദിക്കുന്നു.വേനലിനൊപ്പം വരുന്ന വസന്തകാലമാകട്ടെ പ്രപഞ്ചത്തെത്തന്നെ ശിശുക്കളെപ്പോലെ ഹര്‍ഷോന്മാദികളാക്കും.മഴക്കാലത്ത്‌ വിത്തുകള്‍ വീഴുകയും മണ്ണ്‌ അവയ്‌ക്കായി പുതിയ സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്യും.പൂക്കള്‍.ചിലത്‌ നിറമില്ലാത്തത്‌.മണമില്ലാത്തത്‌.ചിലത്‌ കൊതിപ്പിക്കുന്നതും മദിപ്പിക്കുന്നതും മറക്കാന്‍ സമ്മതിക്കാത്തതും.
ആ പ്രദേശത്തുകൂടി യാത്ര ചെയ്യുകയായിരുന്നു.പല പല കാലങ്ങളില്‍ .അപ്പോളൊക്കെ അവിടെ കരിയിലകള്‍ വീഴുന്നുണ്ടായിരുന്നു.വീഴുന്ന കരിയിലകള്‍ മണ്ണിലേക്ക്‌ ലയിക്കുകയായിരുന്നു.ഇല കനം കുറഞ്ഞ്‌ കനം കുറഞ്ഞ്‌ മണ്ണിന്റെ ഏറ്റവും ഉപരിതലത്തോട്‌ ചേര്‍ന്ന്‌ മാഞ്ഞുപോകുന്ന പ്രക്രിയ നോക്കിനില്‍ക്കുന്നതാരായിരിക്കാം.!തീര്‍ച്ചയായുമത്‌ കുറുനരികളോ സിംഹങ്ങളോ ആയിരിക്കാനിടയില്ല.ചിതലുകളും ചെറിയ പ്രാണികളുമായിരിക്കും ഒരു കരിയിലയുടെ ഭൂമിയിലേക്കുള്ള അപ്രത്യക്ഷമാകല്‍ കണ്ടിരിക്കാനിട.ചിലപ്പോള്‍ കരിയിലനിറവും തീക്ഷ്‌ണമഞ്ഞനിറവുമുള്ള ശലഭങ്ങള്‍ ഇലയുടെ ഫോസിലിനുമീതെ അല്‌പംകാലം വിശ്രമിച്ചിരിക്കാം.അവയോട്‌ കരിയിലയുടെ അസ്ഥികള്‍ അവസാനത്തെ ഉറക്കത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിരിക്കാം.എന്നാലും മടുക്കുന്നില്ലല്ലോ നമുക്ക്‌.എന്തൊരു വൈവിദ്ധ്യമാണ്‌ ഭൂമിയിലെ കാഴ്‌ചകള്‍ക്ക്‌!
ഇനി അല്‌പം ചിന്ത.ഈ ഭൂമിയില്‍ എവിടെയെല്ലാം കാണാം ഇത്തരം സ്ഥലങ്ങളും സന്ദര്‍ഭങ്ങളും.ഇലകളുടെ മരണത്തെക്കുറിച്ച്‌ നാം ചിന്തിക്കാറില്ല.ഇലകള്‍ മരിക്കേണ്ടതുതന്നെയാണെന്നും അത്‌ അനുസ്‌മരിക്കപ്പെടേണ്ടതല്ലെന്നും നാം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.പുലിയുടെ വിശപ്പിനെപ്പറ്റി നാമാലോചിക്കാറേയില്ല.പുലി എല്ലാ കാലത്തും പുലികളും ഈച്ചകള്‍ എല്ലാ കാലത്തും ഈച്ചകളുമാണെന്നാണ്‌ നമ്മള്‍ കരുതുന്നത്‌.പൂച്ചകളാകുകയാണ്‌ ചില പുലികള്‍ ചില കാലങ്ങളില്‍.എന്നാലും പൂച്ചകള്‍ക്കൊരിക്കലും പുലികളാകാന്‍ കഴിയുകയില്ല.നാട്ടിലിറങ്ങി നാശനഷ്‌ടം വരുത്തിയ പുലിയെ കെണിയൊരുക്കി പിടിച്ച്‌ കൊന്നിട്ട്‌ പോസ്‌ററ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ വൈദ്യന്‍ അസന്നിഗ്‌ധമായി വിധിയെഴുതുന്നു.പുലിയുടെ ആമാശയത്തില്‍ ഭക്ഷണം ചെന്നിട്ട്‌ ആഴ്‌ചകളായിരിക്കുന്നു.!പുലിയുടെ ക്ഷോഭത്തോടാണ്‌ നമ്മുടെ പക.പുലിയുടെ വിശപ്പിനോടോ വിശപ്പ്‌ എല്ലാവര്‍ക്കും ബാധകമാണെന്നും അത്‌ പരിഹരിക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുബോധത്തോടോ കടമയോടോ അല്ല.
തിലകന്‍ എന്ന അഭിനേതാവ്‌ മരിച്ചുപോയി.ആരായിരുന്നു തിലകന്‍ .?ഒരില.ഒരു ചെന്നായ.ഒരു ഒറ്റയാന്‍ .മരുഭൂവിലെ ഒരു മരം.കൊടുങ്കാട്ടിലെ ഏകാന്തനായ ഒരു വൃക്ഷം.പൊയ്‌കയിലെ തളിര്‍ജലത്തിനുമീതെ അഭ്യാസം കാട്ടുന്ന ഒരു നീര്‍ക്കുതിര.മരത്തില്‍ നിന്നു മരത്തിലേക്ക്‌ വല കെട്ടുന്ന ചിലന്തി.അനേകം മനുഷ്യര്‍ക്കിടയില്‍ രക്തമുണ്ടായിരുന്ന ഒരു ജീവി.സ്വന്തം രക്തത്തെ വെള്ളമായി സങ്കല്‍പ്പിക്കുന്നിടത്ത്‌ രക്തത്തെ രക്തമായി തിരിച്ചറിയുന്നതാണ്‌ ജീവിയുടെ സത്യം.
മരങ്ങള്‍ക്ക്‌ തണുക്കും.പാറകള്‍ക്ക്‌ പൊള്ളും.പ്രാണികള്‍ക്ക്‌ രോഗങ്ങള്‍ വരും.വിത്തുകള്‍ പൊട്ടുമ്പോള്‍ മണ്ണിന്‌ വിറ വരും.നമ്മളത്‌ അിറയുന്നേയില്ല.തിരിച്ചറിവുകളില്ലാത്ത നമ്മള്‍ ആരാണ്‌?ശരിയാണ്‌.ആ പ്രദേശം എല്ലാക്കാലത്തേക്കുമായി അങ്ങനെ കിടക്കുന്നു.അവിടെ പാറകളും പറവകളും ജന്തുക്കളുമുണ്ട്‌.ആനകളും കഴുതകളും മുല്ലകളും നക്ഷത്രങ്ങളുമുണ്ട്‌.കാറ്റും വെളിച്ചവും മഞ്ഞും മഴയും പൊടിപടലങ്ങളുമുണ്ട്‌.എന്നിട്ടും അത്‌ അങ്ങനെ നിലകൊള്ളുന്നു.അതായിത്തന്നെ തുടരുന്നു.കൂസാതെ.
തിലകന്‍ എന്ന അഭിനേതാവിനെ തിരശ്ശീലയിലാണ്‌ എനിക്കേറെ പരിചയം.`കോലങ്ങള്‍' എന്ന സിനിമ മറക്കാനാവില്ല.കള്ളുവര്‍ക്കിയെയും.കെ.ജി ജോര്‍ജ്ജിനെയും.`നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമ മറക്കാനാവില്ല.അത്‌ ഒരിക്കലേ കണ്ടിട്ടുള്ളൂ.അതിന്റെ തിരക്കഥ പാതി വരെയേ ഇന്നും വായിച്ചിട്ടുള്ളൂ.പത്മരാജനോടും തിലകനോടുമുള്ള ആദരവോടെയാണ്‌ പറയുന്നത്‌.അത്‌ അവരുടെ വിജയമായിരുന്നു.എഴുത്തുകാരന്റെയും നടന്റെയും.എഴുതിയുണ്ടാക്കിയ കഥാപാത്രത്തിന്‌ ഒരു നടന്‍ വന്ന്‌ ഭാവം പകരുമ്പോള്‍ പ്രപഞ്ചത്തെയാണ്‌ ഓര്‍മ്മ വരിക.പ്രപഞ്ചത്തിലെ ചരാചരങ്ങളെയും.നടന്‍ പ്രതിനിധാനം ചെയ്യുന്നത്‌ ചരാചരങ്ങളുടെ സവിശേഷ ഭാവങ്ങളെയാണ്‌.അല്ലാതെ മറ്റൊരു മനുഷ്യന്റെ ഭാവഹാവാദികളെയല്ല.അത്‌ മിമിക്രിയാണ്‌.സ്വാംശീകരണമല്ല.സ്വാംശീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവന്റെ മൗനമാണ്‌ ഋതുക്കളെ ഓര്‍മ്മിപ്പിക്കുക.ഓരോ ഋതുവും മൗനമാണ്‌.മൗനത്തിനൊടുവില്‍ മണ്ണിനെ വിറപ്പിച്ചുകൊണ്ട്‌ ഒരു വിത്ത്‌ പൊട്ടുന്നു.എഴുത്തുകാരനും നടനും ആ വിറയലിന്‌ വഴിയൊരുക്കുന്ന ശക്തികളാണ്‌.അതാണ്‌ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ തിലകനെ വെറുക്കുന്നതും ഒരു സിനിമയെത്തന്നെ(സൃഷ്‌ടിയെത്തന്നെ)അമ്പരപ്പോടെ സമീപിക്കാന്‍ മടിക്കുന്നതും.ഒരിക്കലേ `കിരീടം' കണ്ടിട്ടുള്ളൂ.അത്‌ അവിടെത്തന്നെ പതിഞ്ഞുകിടക്കുകയാണ്‌.വീണ്ടും കാണേണ്ടതില്ല.നാടകമാണ്‌ വീണ്ടും കാണേണ്ടത്‌.നാടകത്തിലാണ്‌ നടന്‍ ഒരുവേഷം മാറിമാറി അഭിനയിക്കുന്നത്‌.സിനിമയില്‍ നടന്‍ ഒരിക്കലേ അഭിനയിക്കുന്നുള്ളൂ.അത്‌ യഥാര്‍ത്ഥ കാണി ഒരിക്കലേ കാണുന്നുള്ളൂ.ഞാനിപ്പോള്‍ `ദി റേ' എന്ന അനശ്വര ചലച്ചിത്രം ഓര്‍ക്കുന്നു.റേ ചാള്‍സ്‌ എന്ന പാട്ടുകാരന്റെ ജീവിതത്തെ ആസ്‌പദമാക്കി ടെയ്‌ലര്‍ ഹാക്ക്‌ ഫോഡ്‌ സംവിധാനം ചെയ്‌ത്‌ റേ ആയി ജാമി ഫോക്‌സ്‌ അഭിനയിച്ച വിഖ്യാത ചലച്ചിത്രം.അങ്ങനെ ഒരു ബയോഗ്രാഫിക്കല്‍ സിനിമ തിലകനെക്കുറിച്ചും ഉണ്ടാവേണ്ടതുണ്ട്‌.പക്ഷേ അതില്‍ ആരഭിനയിക്കും തിലകനായി!തിലകന്റെ പുലര്‍കാലത്തെ മരണസമയം നാം ഓര്‍മ്മിക്കുക.ജീവിതം വച്ച്‌ ശരിയാക്കിയ കണക്കു തെറ്റിക്കുന്നവരാണ്‌ പ്രതിഭകള്‍.
ആദ്യമായി `പകല്‍ ' എന്ന ചലച്ചിത്രത്തിന്‌ തിരക്കഥയൊരുക്കുമ്പോള്‍ എനിക്കറിയുമായിരുന്നില്ല അതില്‍ തിലകന്‍ അഭിനയിക്കുമെന്ന്‌.പക്ഷേ അതിലെ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ എഴുതുമ്പോള്‍ ശക്തനായ ഒരു നടന്‍ ചമയങ്ങളില്ലാതെ നടനായിത്തന്നെ എന്റെ അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു.എഴുതിത്തീര്‍ത്ത്‌ സ്‌ക്രിപ്‌റ്റ്‌ കൊടുക്കുന്നതും കാത്ത്‌.തിലകന്‍ ചേട്ടനാണ്‌ പകലിലെ കുഞ്ഞപ്പനായത്‌.ആദ്യദിവസം മുതല്‍ അവസാനദിവസം വരെ കാമറയ്‌ക്കും മോണിറ്ററിനും മുന്നില്‍ നിന്ന്‌ ഞാനാ മനുഷ്യനെ കണ്ടുകൊണ്ടിരുന്നു.അന്ന്‌ ഒന്നിച്ചെടുത്ത ഫോട്ടോകള്‍ പോലും ഇന്നെന്റെ കൈയിലില്ല.തിലകന്‍ ചേട്ടന്റെ ഒപ്പം ഞാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോയല്ല ഓര്‍മ്മയില്‍ വേണ്ടത്‌.ഞാനെഴുതിയ സ്‌ക്രിപ്‌റ്റ്‌ കൈയില്‍ വാങ്ങി വായിച്ച്‌ അതിനെപ്പറ്റി സംസാരിക്കുന്ന അഭിനേതാവിന്റെ അകത്തുനിന്നു വരുന്ന ഊര്‍ജ്ജമാണ്‌.ആ ഊര്‍ജ്ജം ഞാന്‍ തിരിച്ചറിയുന്നു.എന്നെയൊക്കെ വീണ്ടും എഴുത്തുകാരനാക്കി നിലനിര്‍ത്തിയതിനുപിന്നില്‍ കലാകാരനുണ്ടായിരിക്കേണ്ട ആ ഊര്‍ജ്ജത്തിന്റെ ഓര്‍മ്മപ്പെടുത്തലുണ്ട്‌.
മഴ പെയ്യുന്നു.ഇലകള്‍ മഴയില്‍ താഴുന്നു.ചിലയിടങ്ങളില്‍ വെയില്‍ പരക്കുന്നു.പക്ഷികള്‍ താഴ്‌ന്നു പറക്കുന്നു.കാറ്റ്‌ സമ്മിശ്രഗന്ധങ്ങളുമായി നിരന്തരം പ്രവഹിക്കുന്നു.പ്രപഞ്ചം നിലകൊള്ളുന്നു.ഊര്‍ജ്ജത്തിന്മേല്‍.അപാരമായ ഊര്‍ജ്ജപ്രവാഹങ്ങളില്‍ ഊറ്റം കൊള്ളുന്നു.തിലകന്‍ അത്തരത്തിലൊരു മഹാമേരുവായി നിലകൊള്ളുന്നുണ്ട്‌,സദാ.
എന്നും യുവാവായിരുന്ന ഒരാളാണ്‌ തിലകന്‍.വൃദ്ധനായും ക്ഷോഭിക്കുന്നവനായും മരണപ്പെട്ടവനായും വേഷം കെട്ടുകമാത്രമാണ്‌ അദ്ദേഹം ചെയ്‌തിട്ടുള്ളത്‌.

(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)