Friday, August 31, 2012

എസ്‌.എം.എസ്‌ ഇല്ല,ഓട്ട്‌സ്‌ ഉണ്ട്‌!


ഗരങ്ങളിലൂടെ അലയുന്നവനാണ്‌ ഇവന്‍.കേരളത്തില്‍ മാത്രമായിട്ടല്ല.ഇന്ത്യയിലെ പലയിടത്തും.വലിയ നഗരങ്ങള്‍ മുതല്‍ ചെറിയ നഗരങ്ങള്‍ വരെ.അലച്ചില്‍ എന്നു പറയുമ്പോള്‍ പഴയകാലത്തെ കലാകാരന്മാരുടെ ശീലമായിരുന്ന ദാരിദ്ര്യത്തിന്റെയോ അസ്‌തിത്വവ്യഥകളുടെയോ ചോദ്യങ്ങള്‍ക്കുത്തരം തേടിയുള്ള അശാന്തിയുടെയോ യാത്രകളല്ല.ഓരോരോ ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍.താമസസ്ഥലവും സുരക്ഷിതത്വവുമുള്ള യാത്രകള്‍.അത്തരം സഞ്ചാരങ്ങളില്‍ കണ്ടുമുട്ടുന്ന യുവത്വത്തിനെ പരമാവധി ശ്രദ്ധിക്കാറുണ്ട്‌.യുവ@ഹൈവേയുടെ പിറവി അങ്ങനെയാണ്‌.എഴുതാനിരിക്കുമ്പോള്‍ മനസ്സിലേക്ക്‌ വരുന്നത്‌ യുവത്വത്തിന്റെ ലോകം തന്നെയാവുന്നതും അങ്ങനെ തന്നെ.

ഇന്ന്‌ ഇന്ത്യയില്‍ എവിടെപ്പോയാലും മാറിയ യുവത്വത്തിനെ കാണാം.പാരമ്പര്യവേഷങ്ങളല്ല അവര്‍ക്ക്‌.ഇന്ത്യയിലെവിടെയും സാധാരണമായ വേഷം.പ്രാദേശികതയുടെ നിയന്ത്രണങ്ങളില്ല വേഷത്തിലും ഭക്ഷണത്തിലും.ജീന്‍സ്‌,ബ്രാന്റഡ്‌ ഷര്‍ട്ട്‌,ചുരിദാര്‍ അല്ലെങ്കില്‍ ജീന്‍സും ടോപ്പും.മലയാളിയാണോ മറാത്തിയാണോ കശ്‌മീരിയാണോ എന്ന്‌ വേഷം നോക്കി ആരെയും നമുക്ക്‌ തിരിച്ചറിയാന്‍ പറ്റില്ല.അതുതന്നെ സൗഹൃദങ്ങളുടെ കാര്യത്തിലും.ഇന്നത്തെ ചെറുപ്പക്കാരന്റെ/ചെറുപ്പക്കാരിയുടെ സുഹൃത്തുക്കളില്‍ അയല്‍ക്കാരനും സഹപാഠിക്കും അപ്പുറം അന്യനാട്ടുകാരന്‍ മുതല്‍ വിദേശി വരെയുണ്ടാകും.`അഭിയും നാനും' എന്ന തമിഴ്‌പ്പടം ഓര്‍ക്കുക.പ്രകാശ്‌ രാജിന്റെ മകള്‍ ഇഷ്‌ടപ്പെടുന്നത്‌ ഒരു പഞ്ചാബിയെയാണല്ലോ.രണ്ട്‌ സംസ്‌കാരങ്ങള്‍ കലര്‍ന്നേ പറ്റു എന്ന്‌ ചില അവസരങ്ങളില്‍ അങ്ങനെ നാം മനസ്സിലാക്കുന്നു.
ഉത്തരേന്ത്യയില്‍ ഹോളിക്കും ദീപാവലിക്കുമിടയില്‍,ബംഗാളില്‍ കാളിപൂജയ്‌ക്കും നവരാത്രിക്കും ഇടയില്‍,തമിഴ്‌നാട്ടില്‍ പൊങ്കലിനും ആടിയാഘോഷത്തിനുമിടയില്‍,കേരളത്തില്‍ ഓണത്തിനും പെരുന്നാളിനുമിടയില്‍ എവിടെയും ആഘോഷദിവസങ്ങളെ പൊലിപ്പിക്കുന്നത്‌ യുവത്വമാണ്‌.എല്ലാക്കാലത്തും അത്‌ അങ്ങനെയായിരിക്കും.നമ്മുടെ മാതാപിതാക്കളുടെ യൗവനത്തിലെ ആഘോഷങ്ങളെയാണ്‌ അവരെല്ലായ്‌പ്പോഴും ഓര്‍മ്മിക്കുന്നത്‌.അല്ലാതെ അവരുടെ വാര്‍ദ്ധക്യത്തിലെ ഓര്‍മ്മകളല്ല.പഴയ കാലത്തിന്റെ ഓര്‍മ്മയിലാണ്‌ അവര്‍ ഓരോന്ന്‌ ചെയ്യുന്നത്‌.പുതിയ കാലത്തിന്റെ തിരിച്ചറിവിലല്ല.ബാല്യവും കൗമാരവും യൗവനവുമാണ്‌ മനുഷ്യനെ കരുത്തനും വ്യത്യസ്‌തനുമാക്കുന്നത്‌.അങ്ങനെ ചിന്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴികാട്ടുന്ന യുവാക്കളുടെ തിമിര്‍പ്പാണ്‌ ഓരോ വിശേഷദിവസവും എന്നു പറയാന്‍ കഴിയും.ഇവിടെ മാത്രമല്ല,ലോകത്തെവിടെയും.
കേരളത്തിലെ ഓണാഘോഷത്തിലേക്ക്‌ വന്നാല്‍,കാലം മാറുന്നതിനനുസരിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളില്‍ നിര്‍ബന്ധിതമായ മാറ്റം വരികയാണ്‌.ആ മാറ്റത്തെ നാം മിമിക്രിയാക്കരുത്‌.കണ്ടില്ലെന്നു നടിക്കുകയുമരുത്‌.കഴിഞ്ഞ കുറേക്കാലമായി പൂവിളി ഇല്ലാതായില്ലേ.!ആരാണ്‌ പൂ വിളിച്ചിരുന്നത്‌.അത്‌ കുട്ടികളായിരുന്നവത്രേ.ഇന്ന്‌ കുട്ടികള്‍ക്ക്‌ പൂ പറിക്കാന്‍ പോകേണ്ടതില്ല.ഞാനാലോചിക്കും.നമ്മള്‍ ദിനപത്രങ്ങളിലും ചാനലുകളിലും വിശേഷദിവസങ്ങളില്‍ കാണിക്കുന്നതിനായി കുട്ടികളെ ഒരുക്കിനിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത്‌ പ്രദര്‍ശിപ്പിക്കുമല്ലോ.അതിന്റെ റിയാലിറ്റി എന്താണ്‌..?മുതിര്‍ന്ന കൗമാരക്കാരികളെ ഇന്നത്തെ അമ്മമാര്‍ പട്ടുപാവാടയും ഉടുപ്പുമിടുവിച്ച്‌ മുടിയില്‍ പൂവും ചൂടി കൈയില്‍ കൂടയുമായി അടുത്ത തൊടികളിലേക്ക്‌ പൂ പറിക്കാന്‍ വിടുമോ.വിരൂപകളെയും മനോവിഭ്രാന്തിയുള്ളവരെയും അന്യസംസ്ഥാനത്തൊഴിലാളികളിലെ പെണ്ണുങ്ങളെയുംവരെ മിഴിയുഴിഞ്ഞ്‌ ജീവിക്കുന്ന മലയാളികള്‍ക്കിടയിലേക്ക്‌ ഒരമ്മയും പെണ്‍മക്കളെ അങ്ങനെ വേഷം കെട്ടിച്ച്‌ വിടില്ല.അവര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി കാറിലിരുന്ന്‌ കൈനീട്ടി കച്ചവടക്കാരില്‍നിന്ന്‌ പൂ വാങ്ങും.പ്ലാസ്റ്റിക്‌ കവറില്‍ പൂക്കളും പിന്‍സീറ്റില്‍ ചുരുട്ടിവച്ച പൂക്കളത്തിന്റെ ഡിസൈനുമായി അവര്‍ വീട്ടില്‍ പോകും.ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന കുട്ടികള്‍ക്ക്‌ വെള്ളം തളിച്ചിട്ടോ റഫ്രിജറേറ്ററിലോ വച്ചിരിക്കുന്ന പൂക്കളെടുത്ത്‌ കൊടുക്കും.അതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ്‌ ദിനപത്രങ്ങളില്‍ ഇന്ന്‌ വരേണ്ടത്‌.ചാനലുകളില്‍ വരേണ്ടതും ആ യാഥാര്‍ത്ഥ്യമാണ്‌.എന്നാല്‍ മാധ്യമങ്ങള്‍ ജനങ്ങളെ പിന്നിലേക്ക്‌ കൊണ്ടുപോയി മായാലോകത്ത്‌ നിര്‍ത്തുന്നു.നൊസ്റ്റാള്‍ജിയയാണ്‌ കേമം എന്നു ഉറപ്പിച്ചു പറയുകയും കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.അവിടെയാണ്‌ യുവത്വം സ്വത്വം വീണ്ടെടുക്കുന്നതും സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ മുന്‍കൈയെടുക്കുന്നതും.
ഓണക്കാലത്തും പരീക്ഷക്കാലത്തും അവര്‍ ജീന്‍സും ടീ ഷര്‍ട്ടും ലെഗ്ഗിസും ഫ്രോക്കും ധരിക്കും.ഓണ്‍ലൈനില്‍ ബുക്കുചെയ്‌ത്‌ വരുത്തിയ ബ്രാന്റഡ്‌ കണ്ണട മുഖത്തണിയും.ബൈക്കിലും കാറിലും കറങ്ങും.ബിയര്‍ കുടിക്കും.എന്നുകരുതി അഴിഞ്ഞുനടക്കുകയല്ല നമ്മുടെ യുവത്വം.അവരൊക്കെ സമയത്ത്‌ വീട്ടില്‍ വരും.രക്ഷിതാക്കളുടെ കൂടെ അവരുടെ കുറെ സെന്റിമെന്‍സുകളില്‍,അതായത്‌,പഴയ കാലത്തെ ഓര്‍മ്മകള്‍,ബന്ധുവീടുകളിലെ വിശേഷങ്ങള്‍,ഏത്‌ ആഘോഷമായാലും വയ്‌ക്കുന്ന പായസമെന്ന മാരകസംഭവം..എന്നതിലൊക്കെ മുഴുകും.പിന്നെ ടി.വി കാണും.വൈകിട്ട്‌ പുറത്തുപോയി റെഡിമിക്‌സ്‌ ഫുഡ്‌ കഴിക്കും.വീട്ടില്‍ വന്നാല്‍ വീട്ടുകാരുടെ വക ഉപ്പേരിയും പപ്പടവും ഇലയിട്ടുള്ള സദ്യയുമായി വീടുമായി ഇഴുകിച്ചേരും.ഇതൊക്കെയല്ലേ ഇന്ന്‌ നടക്കുന്നത്‌.അല്ലാതെ ചാനലുകളില്‍ കാണിക്കുന്ന ഓണത്തിന്റെ പീരീഡ്‌ ഷോകളാണോ.അല്ല.അല്ലേയല്ല.
എവിടെയാണ്‌ ഓണക്കോടിയുടെ പുതുമ ഇന്ന്‌ കാണാന്‍ കഴിയുന്നത്‌.എവിടെയാണ്‌ ഓണസദ്യയുടെ വിശിഷ്‌ടതയ്‌ക്കായി വിശക്കുന്നവര്‍ കാത്തിരിക്കുന്നത്‌.പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഓണത്തിന്‌ അവധി കൊടുക്കാന്‍ പറ്റാത്തവരുടെ വീടുകളില്‍ ദാരിദ്ര്യം കൊണ്ടല്ല,അനാരോഗ്യാവസ്ഥകൊണ്ടാണ്‌ ഓണദിവസവും സാധാരണ ദിവസമാകുന്നത്‌.അവിടെയും വിശേഷദിവസത്തെ വിശേഷദിവസമായി ആഘോഷിക്കുന്നതും അറിയുന്നതും സമൂഹത്തെ അറിയിക്കുന്നതും യുവാക്കളാണ്‌.യൂവാക്കള്‍ മാത്രം.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ,മലയാളിയുടെ പുതിയ ഭക്ഷണശീലത്തെ.?അത്‌ ഓട്ട്‌സിന്റെ ജനപ്രീതി നിങ്ങളോട്‌ വിളിച്ചുപറയും.
``ഒരു ഗ്ലാസ്‌ ഓട്ട്‌സ്‌ കുടിച്ചു.മതി.''
പലരുടെയും സ്ഥിരം വര്‍ത്തമാനവും ഇപ്പോഴത്തെ ചിട്ടയും ഇങ്ങനെയാണ്‌.
എന്തായാലും പൊറോട്ടയും ഓംലെറ്റും കയറിവന്നതുപോലെ തീന്‍മേശയിലെ പ്രഥമനായി ഓട്ട്‌സുല്‍പ്പനങ്ങള്‍ മാറിക്കഴിഞ്ഞു എന്നത്‌ സത്യമാണ്‌.
ഇതിന്റെ ചരിത്രമെന്താണ്‌.കഴിഞ്ഞ കാല്‍നൂറ്റാണ്ടിനടുത്തായി കേരളത്തിലെ പ്രധാന വിപണികളില്‍ ഓട്ട്‌സ്‌ ലഭ്യമായിരുന്നു.ഇടത്തരക്കാരും അതിനുമേലെയുള്ളവരുമായ പല വീട്ടമ്മമാര്‍ക്കും ഓട്ട്‌സിനെപ്പറ്റി മുന്നേ അറിയാമായിരുന്നു.ഇന്നത്‌ ഏത്‌ സാധാരണക്കാരനും പരിചിതമായി എന്നുമാത്രം.രൂപയുടെ മൂല്യം കുറഞ്ഞാലും മലയാളിക്കിന്ന്‌ കാണം വില്‍ക്കാതെ ഓട്ട്‌സും ഷവര്‍മ്മയും കഴിക്കാമെന്നു സാരം.പറഞ്ഞുവരുന്നത്‌ ഇത്‌ പുതിയ അത്ഭുത സംഭവമല്ല എന്നറിയിക്കാനാണ്‌.പക്ഷേ അതൊരു സംഭവമായി നമ്മുടെ വീടുകളില്‍ മാറിക്കഴിഞ്ഞു.ഒരുകാര്യം ഏറെക്കുറെ ഉറപ്പാണ്‌.ഈ ഓണക്കാലത്ത്‌ ഓട്ട്‌സും നമ്മുടെ വീടുകളില്‍ അത്ഭുതം കാണിച്ചേക്കാം.ഓണവിഭവങ്ങളില്‍ കുറേയെങ്കിലും ഓട്ട്‌സ്‌ വിഭവങ്ങളായേക്കാം.അതില്‍ അസാധാരണത്വമൊന്നും കാണേണ്ടതില്ല.ഇപ്പോഴത്തെ യുവാക്കളുടെ രക്ഷിതാക്കളും ഏറെക്കുറെ യുവാക്കളായിരിക്കുമല്ലോ.അവരും പറയും.ഓണത്തിന്‌ ഓട്ട്‌സ്‌ മതി!
ഇത്തവണ അത്തം മുതല്‍ പത്തുദിവസമില്ലല്ലോ തിരുവോണത്തിന്‌.ഒന്‍പത്‌ ദിവസമേയുള്ളൂ.അത്‌ ചരിത്രത്തിലെ ഒരപൂര്‍വ്വത.മറ്റൊരു ആധുനികമായ അപൂര്‍വ്വതയും ഇക്കുറി ഓണക്കാലത്തെ കാത്തിരിക്കുന്നുണ്ട്‌.അത്‌ ഓണത്തിന്‌ എസ്‌.എം.എസില്ല എന്നതാണ്‌.!
ആസാം കലാപത്തെത്തുടര്‍ന്ന്‌ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ എസ്‌.എം.എസുകള്‍ക്ക്‌ തടയിടാനാണ്‌ സെപ്‌തം 8 വരെ ദിനംപ്രതി ഒരാള്‍ക്ക്‌ 5 (പിന്നീട് 20)  എസ്‌.എം.എസ്‌ മാത്രം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്‌.ഏതായാലും അത്‌ സെല്ലുലാര്‍ കമ്പനികള്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും ദുരിതമായി.ഇക്കാരണത്താല്‍ ചിലപ്പോള്‍ ഈ ഓണക്കാലത്ത്‌ ആശംസാക്കാര്‍ഡുകള്‍ വിപണിയിലേക്ക്‌ മടങ്ങിവന്നേക്കാം.കാരണം നമുക്ക്‌ വിശേഷാവസരങ്ങളെ ആഘോഷിക്കാതെ വയ്യ.ഓട്ട്‌സ്‌ കുടിച്ചും സദ്യവട്ടത്തിനിടയില്‍ അല്‌പം ചിക്കന്‍ വിളമ്പിയും പുറത്തുപോയി ബിയര്‍ മോന്തിയും ഇന്‍ര്‍നെറ്റിനുമുന്നില്‍ ആകാംക്ഷപ്പെട്ടിരുന്നും നമുക്ക്‌ ആഘോഷിക്കാതെ വയ്യ.മാറിയ കാലത്ത്‌ ആഘോഷമെന്നാല്‍ അത്‌ ഫോണ്‍സന്ദേശങ്ങളും കൂടിയാണ്‌.
എസ്‌.എം.എസ്‌ ഇല്ലാതെന്തു ഓണം എന്നു ചോദിക്കും ഇക്കൊല്ലത്തെ യുവതലമുറ.കാരണം മലയാളി യുവത്വത്തിന്റെ സ്‌നേഹിതര്‍ കിടക്കുന്നത്‌ ഇങ്ങ്‌ കേരളത്തില്‍ മാത്രമല്ല.ബാംഗ്ലൂരും ചെന്നൈയും മുംബൈയും സിംഗപ്പൂരും ദെല്‍ഹിയും മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളും യുറോപ്യന്‍ രാജ്യങ്ങളും വരെയാണ്‌.മലയാളികള്‍ തന്നെയാവണമെന്നില്ല.മറുഭാഷക്കാരും ആവാം.പഠിക്കാന്‍ പോയിട്ടും രക്ഷിതാക്കളുടെ കൂടെ താമസിച്ചിട്ടും കിട്ടിയവര്‍.ഫേസ്‌ബുക്കും വെബ്‌ക്യാമും സ്‌മാര്‍ട്ട്‌ഫോണും വഴി ലഭിച്ചവര്‍.സൗഹൃദത്തിന്‌ കാലദേശഭേദങ്ങളില്ലാതാവുന്നത്‌ കാട്ടിത്തരുന്നതും യുവാക്കള്‍ തന്നെ.
എസ്‌.എം.എസ്‌ ഇല്ലെങ്കിലും റംസാനും ക്രിസ്‌മസും വിഷുവും ഓണവും ഒരുത്സവമാണ്‌.മാറി മാറി ഉടയാടകള്‍ അണിയുന്ന കാലത്തിന്റെ ഉത്സവം.തരുണീമണികളും തരുണന്മാരും പെട്ടെന്ന്‌ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവരായി മാറിപ്പോകുന്നത്‌ ഏതെങ്കിലും ഉത്സവത്തിനോട്‌ അടുപ്പിച്ചായിരിക്കുമല്ലോ.ഓര്‍ത്തുനോക്കുമ്പോള്‍ സത്യമാണെന്ന്‌ മനസ്സിലാവും.ഇത്തവണയും മലയാളി യുവത്വങ്ങളില്‍ നിന്ന്‌ കുറേപ്പേര്‍ ഈ ഓണത്തിന്‌ പെട്ടെന്ന്‌ ഗൗരവക്കാരായി മാറി മൗനികളാകും.അവരെ നോക്കി പച്ചയായ ജീവിതം പറയും.
``കമോണ്‍ ഗൈയ്‌സ്‌..ഇത്‌ ലൈഫാണ്‌.മൂഡൗട്ടാകാതെ വന്ന്‌ അടിച്ചുപൊളിക്ക്‌..!''
അതെ.അവന്‍/അവള്‍ അടിച്ചുപൊളിക്കാന്‍ പോകാന്‍ തീരുമാനിക്കും.അതായത്‌ കുടുംബസ്ഥനാകാന്‍.എന്നുപറഞ്ഞാല്‍ പാരമ്പര്യങ്ങളുടെ തുടര്‍ച്ച കൊണ്ടുപോകാനായി ഒരു പെണ്ണിന്റെ/ആണിന്റെ കൈപിടിക്കാന്‍!
ആശംസകള്‍.

Monday, August 20, 2012

കമ്പി കെട്ടിയ ചിരിയുടെ മറയത്ത്‌


പാ
ട്ടിനെ പറ്റി പറഞ്ഞാല്‍ പറയുന്നത്‌ തീരില്ലെന്നതാണ്‌ അനുഭവം.അടുത്തകാലത്തായി രണ്ട്‌ രുചികള്‍ അഭിരുചികളായി എന്നെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌.ഇപ്പോഴിതാ മൂന്നാമതൊന്നും.അതിലൊന്ന്‌ താമരയും മറ്റൊന്ന്‌ ശ്രേയയുമാണ്‌.താമര തമിഴിലെ മുന്‍നിരപാട്ടെഴുത്തുകാരി.ശ്രേയ മഹാഗായികയായി വിരാജിക്കുന്ന ശ്രേയാഘോഷാലും.മനസ്സിലായില്ലേ അഭിരുചിക്ക്‌ വരരുചിപ്പഴമയുടെ മാറ്റ്‌ കിട്ടിയെന്ന്‌.
ശ്രേയയെ ഇഷ്‌ടപ്പെടാനുള്ള കാരണം ഒന്നുമാത്രമാണ്‌.അവരുടെ ഉച്ചാരണത്തിലുള്ള നിഷ്‌ട.പുറത്തുനിന്നുവന്ന്‌ ആരാണിങ്ങനെ മലയാളം മലയാളമായി പാടി ഫലിപ്പിച്ചിട്ടുള്ളത്‌.?ഏതു യുവഗായികയാണ്‌ പാട്ടിന്റെ ഭാവത്തിലേക്ക്‌ പ്രവേശിച്ച്‌ നമ്മെ വിസ്‌മയപ്പെടുത്തുന്ന മിടുക്കോടെ കഴിഞ്ഞ നാലഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പാടിയിട്ടുള്ളത്‌.?ഗായത്രിയും മഞ്‌ജരിയുമാണ്‌ ആ നിരയിലേക്ക്‌ ഉയരാന്‍ അര്‍ഹതയുള്ളവര്‍.നിര്‍ഭാഗ്യവശാല്‍ അവര്‍ക്കുകിട്ടുന്ന അവസരങ്ങള്‍ പരിമിതമായിപ്പോകുന്നു.
ശ്രേയ തമിഴ്‌ പാടുമ്പോള്‍ അത്‌ തമിഴ്‌ പാട്ടാണ്‌.ഹിന്ദി പാടുമ്പോള്‍ ഹിന്ദിയും.നോക്കണേ ഒരു ബംഗാളിഗായികയുടെ മിടുക്ക്‌.നമ്മുടെ ഷേക്ക്‌ഹാന്റ്‌ ആ മിടുക്കിനാണ്‌.എ.ആര്‍.റഹ്മാന്റെ ഈണത്തിലെ കള്‍വരേ കള്‍വരേ കേട്ടുനോക്കൂ..എത്ര ആവര്‍ത്തിച്ചുകേട്ടാലും ഉള്ളുതൊടുന്ന നൈര്‍മ്മല്യമാണ്‌ ആ പാട്ടിന്‌.അടുത്തിടെ വന്ന വീരപുത്രനിലെ കണ്ണോട്‌ കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത്‌ ഒളിച്ചാലുമാണെങ്കില്‍ കാതിനെ കൊതിപ്പിക്കുന്ന റേഞ്ചുള്ള പാട്ടും.
പാടുവാന്‍ മൈക്കുമായി വേദിയിലേക്ക്‌ പ്രിയഗൗണില്‍ ശ്രേയ വരുമ്പോള്‍ ശ്വാസം നിലച്ചുപോകുന്നതും പിന്‍കഴുത്തില്‍ പ്രിയമുള്ളൊരാളുടെ നിശ്വാസം പതിഞ്ഞുവീഴുന്നതും ഞാനറിയും.പ്രണയത്തെ അതിന്റെ ആഴത്തില്‍ തിരിച്ചെടുക്കാന്‍ ശ്രേയയുടെ സ്വരത്തിനേ കഴിയൂ എന്നിപ്പോള്‍ തോന്നാറുണ്ട്‌.
പ്രണയഭാവങ്ങളുടെ രാജകുമാരിയാണ്‌ ശ്രേയയുടെ സ്വരമെങ്കില്‍ പ്രണയാനുഭവങ്ങളുടെ ദൈവികതയാണ്‌ തമിഴിലെ പാട്ടെഴുത്തുപടയാളി താമര.തമിഴില്‍ മാത്രമെഴുതുന്ന,ദ്വയാര്‍ത്ഥങ്ങളോ മോശം അര്‍ത്ഥമുള്ള വാക്കുകളോ മീറ്റര്‍ പിടിച്ചെഴുതേണ്ട പാട്ടെഴുത്തില്‍ കൊണ്ടുവരില്ലെന്ന്‌ നിശ്ചയിച്ചിട്ടുള്ള മിടുക്കി.താമരപ്പാട്ടില്‍ ആദ്യമായെന്നെ സ്‌പര്‍ശിച്ചതും അവരുടെ എഴുത്തുജീവിതത്തിന്‌ ബ്രേക്ക്‌ കൊടുത്ത അതേ പാട്ടുതന്നെയാണ്‌.മലയാളിക്കരുത്തുള്ള ഗൗതം മേനോന്റെ `മിന്നലെ'യിലെ ഹാരിസ്‌ ജയരാജ്‌ ഈണമിട്ട `വസീഗരാ'.വെള്ളമൊഴുകുന്ന ചില്ലുമറയുടെ അപ്പുറത്ത്‌ അനുരാഗവിവശതയും എതിര്‍ലിംഗസാമിപ്യവും തഴുകിയിറക്കി നായിക പാടിയ അതേ വസീഗര.വാസ്‌തവത്തില്‍ ഞെട്ടിപ്പോയി.മലയാളത്തില്‍ നായകന്മാര്‍ മുണ്ടു പറിച്ചടിക്കുന്ന കാലം.നായികമാര്‍ കരഞ്ഞുകരഞ്ഞ്‌ കര കാണാതെ ഉഴലുന്ന കാലം.തമിഴിലാവട്ടെ മാറ്റങ്ങളുടെ പിച്ചനടപ്പ്‌ ആരംഭിച്ചിട്ടേയുള്ളൂ.പരുത്തിവീരനോ സുബ്രഹ്മണ്യപുരമോ പിറക്കും മുമ്പ്‌ കാക്ക കാക്കയ്‌ക്കും മുമ്പ്‌ ബോംബെ ജയശ്രീയുടെ സ്വരത്തില്‍ വന്ന `മിന്നലേ'.അതായിരുന്നു അത്‌.അയല്‍നാട്ടില്‍നിന്ന്‌ നമ്മെ സംഭ്രമിപ്പിക്കാനെത്തിയ യാഥാര്‍ത്ഥ മിന്നല്‍.!
വസീഗരാ എന്‍ നെഞ്ചിനിക്ക ഉന്‍ പൊന്‍മടിയില്‍ തൂങ്കിനാല്‍ പോതും
അതേ കണം എന്‍ കണ്ണുറങ്ങാ മുന്‍ജന്മങ്ങളില്‍ ഏക്കങ്ങള്‍ തീരും
നാന്‍ നേസിപ്പതും ശ്വാസിപ്പതും ഉന്‍ ദയവാല്‍ താനേ
ഏങ്കുകിറേന്‍ ഏങ്കുകിറേന്‍ ഉന്‍ നിനൈവാല്‍ താനേ നാന്‍..
പ്രണയത്തിലും സ്‌നേഹത്തിലും ആണ്ടുമുങ്ങി ഈറനായ മനസ്സോടെയേ ഒരാള്‍ക്കിങ്ങനെ എഴുതാന്‍ കഴിയൂ..വര്‍ഷമെത്ര കഴിഞ്ഞിട്ടും ഇന്നും വസീഗര കേള്‍ക്കുമ്പോള്‍ വരികള്‍ക്കൊപ്പം മനമോടാറുണ്ട്‌.എന്തായാലും പാട്ടുകളിലെ സാഹിത്യമായാലും അതിലെ സംഗീതമായാലും പാടിയ ആളുടെ സ്വരമായാലും നമ്മെ തൊടുന്നത്‌ അതിലെ മാന്ത്രികമായ ആകര്‍ഷണീയതയാലാണ്‌.അത്‌ സമര്‍പ്പിതചേതനയില്‍ നിന്നുണ്ടാവുന്നതാണ്‌.താമരയ്‌ക്കും ശ്രേയയ്‌ക്കും അതുണ്ട്‌.അതുകൊണ്ടാണ്‌ മലയാളികള്‍,ആരെയും കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്‌ടമല്ലാത്ത നമ്മള്‍ മലയാളികള്‍ ഇവരെയങ്ങ്‌ സ്വീകരിച്ചത്‌.താമരയും പിന്നെ വന്ന ശ്രേയയും നമ്മെ വിസ്‌മയപ്പെടുത്തുന്നത്‌ സാദൃശ്യങ്ങളോ പിന്‍ഗാമികളുടെ നിഴലുകളോ ഇല്ലാത്ത അവരുടെ സ്വതസിദ്ധമായ വൈഭവത്താലാണ്‌.ഇപ്പോ ഇതാ അങ്ങനെയൊന്ന്‌ മലയാളത്തിലും സംഭവിച്ചേക്കും എന്നു തോന്നുന്നു.മറ്റാരുമല്ല,അടുത്തിടെ `തട്ടത്തിന്‍ മറയത്തെ' പെണ്ണിനെ നമുക്കുമുന്നില്‍ പിടിച്ചുനിര്‍ത്തിയ അനു തന്നെ.എനിക്ക്‌ സന്തോഷമുണ്ട്‌ അനു എലിസബത്ത്‌ ജോസിന്റെ എന്‍ട്രിയില്‍.
എന്നോമലേ..എന്‍ ശ്വാസമേ..എന്‍ ജീവനേ..ആയിഷാ..
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാന്‍ ഉള്ളിനുള്ളില്‍ നിന്നൊരു ശ്രീരാഗം
മൂടല്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും എന്റെ കനവുകളില്‍
വരവായി നീ ആയിഷാ..
അനുവിന്റെ കമ്പികെട്ടിയ പല്ലിനപ്പുറത്തെ ചിരിയില്‍ അയലത്തെ അനിയത്തിയുടെ നിഷ്‌കളങ്കചാരുതയുണ്ട്‌.വിനീത്‌ ശ്രീനിവാസന്റെ കണ്ടെത്തല്‍ മലയാളത്തിനു മുതല്‍ക്കൂട്ടായി തീരട്ടെ.അങ്ങനെ ആശംസിക്കാന്‍ കാരണം അനുവില്‍ എഴുത്തുകാരിയും നല്ല നിരീക്ഷകയുമുണ്ടെന്നതാണ്‌.മലയാളം മരിക്കുന്നു എന്നും ഭാഷ പഠിക്കുന്ന കുട്ടികള്‍ ഇല്ലാത്തതിനാല്‍ കാലാന്തരത്തില്‍ ഭാഷ ഇല്ലാതാകും എന്നുമൊക്കെ നിലവിളിക്കുന്നവര്‍ക്ക്‌ ഒരു മറുപടിയായിട്ട്‌ അനുവിന്റെ വരവിനെ ഞാന്‍ കാണുന്നു.പത്താംക്ലാസിനപ്പുറം മലയാളം പഠിച്ചിട്ടില്ലെങ്കിലും അനുവില്‍ മലയാളമുണ്ട്‌.കോയമ്പത്തൂരിലെ ഗവ.കോളജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചീനീയറിംഗില്‍ ഗ്രാജ്വേറ്റായ താമരയ്‌ക്കും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി സെക്‌ടറില്‍ പണിയെടുക്കുന്ന അനുവിനുമൊക്കെയുള്ള മേന്മ അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ഭാഷയോടുള്ള സ്‌നേഹവും എഴുത്തിനോടുള്ള കൂറുമാണ്‌.നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ഇവര്‍ മികച്ച മാതൃകകളായിത്തീരും.
തെളിമയുള്ള മലയാളത്തില്‍ അനുവിന്‌ ഇനിയുമിനിയും സിനിമാപ്പാട്ടുകള്‍ എഴുതാന്‍ കഴിയട്ടെ.വസ്‌ത്രാലങ്കാരകയായ സമീറ സനീഷിനെ പോലെ എഴുത്തുകാരിയും സംവിധായികയുമായ അഞ്‌ജലി മേനോനെപ്പോലെ അനുവിനും മലയാളം അംഗീകരിക്കുന്ന സിനിമാക്കാരിയാകാനും കഴിയട്ടെ.അതിലൂടെ നിരവധി ചെറുപ്പക്കാരികള്‍ രംഗത്തേക്കും വരട്ടെ.


(ചന്ദ്രിക ദിനപത്രത്തിന്‍റെ ഞായറാഴ്ചപ്പതിപ്പില്‍ പതിവായി ഞാനെഴുതുന്ന പംക്തിയുടെ ഈ ആഴ്ച.)

Sunday, August 19, 2012

സ്നേഹിക്കാനും വെറുക്കാനും കരളുറപ്പുള്ള ഒരേയൊരു ജീവി

ന്ന് ഞാന്‍ സ്നേഹത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
എന്താണത്.?കുന്പളങ്ങയോ കപ്പലണ്ടിയോ പോലെയുള്ള എന്തെങ്കിലുമാണോ.അതോ മലബാര്‍ സിമന്‍റ്‌ വാങ്ങി കുറേ കന്പിയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന വല്ല രൂപവുമാണോ.അതുമല്ലെങ്കില്‍ ഈശ്വരനെപ്പോലെ അരൂപിയും നിശ്ശബ്ദനുമായ വല്ലതുമാണോ.അല്ലേയല്ല.സ്നേഹത്തെയും നമുക്ക് മനോഭാവം എന്നു വിളിക്കാം.ഒന്നിന്   മറ്റൊന്നിനോട് തോന്നുന്ന മനോഭാവമാണ് സ്നേഹം.മനോഭാവത്തിലെ വ്യതിയാനമനുസരിച്ച് സ്നേഹവും ഏറിയും കുറഞ്ഞും ഇരിക്കും.എങ്കിലും അത് തീരെ ഇല്ലാതാകുമെന്ന് കരുതാന്‍ വയ്യ.
എന്നാലും ഒരുകാര്യം ഉറപ്പിച്ചുപറയാം.
സ്നേഹിക്കാനും പിന്നെ ക്രൂരമായി വെറുക്കാനും മറന്നതായി നടിക്കാനും കണ്‍മുന്നില്‍ പെട്ടാലും കാണാത്തപോലെ നടക്കാനും മനുഷ്യനുമാത്രമേ കഴിയൂ.
മനുഷ്യന്‍ എത്ര പാവമാണല്ലേ.എത്ര ദുര്‍ബലനും.!
ഞാനും മനുഷ്യനായിപ്പോയി.ഒരു കുരുവിയായാല്‍ മതിയായിരുന്നു.

തെഴുതുന്പോള്‍ എനിക്കിന്ന് പ്രത്യേക സന്തോഷമുണ്ട്.സൂര്യരശ്മികള്‍ ഉതിരുന്ന മിഴികളുമായി  ഇത് നീ വായിക്കുന്നുണ്ടല്ലോ.നീയത് എന്നോട് പറഞ്ഞല്ലോ.
സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?

Monday, August 6, 2012

രമ്യം സ്തന്യം

'കൊഴുപ്പിന്‍റെ വലിയ കിഴിയാണ് മുല' എന്നെഴുതിയത് സോണിയയാണ്.പാക്കിസ്ഥാനി എഴുത്തുകാരിയായ സോണിയ നഹീദ് കമാല്‍ .
എനിക്ക് നിന്നെയും തീവണ്ടിയെയും ഓര്‍മ്മ വന്നു.എന്‍റെ പാവം ഹൃദയത്തെയും.
പണ്ട്,വളരെ പണ്ട്,കഥയെഴുതിത്തുടങ്ങിയ കാലത്ത്,മുല എന്ന പേരില്‍ മുല ഒരു തുരങ്കമാണ് എന്ന ആശയം വരുന്ന കഥയെഴുതാന്‍ ഞാനാഗ്രഹിച്ചിരുന്നു.അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും തിരിച്ചും രൂപപ്പെടുന്ന തുരങ്കമെന്ന അര്‍ത്ഥത്തെ തല തിരിച്ചിടുന്ന ആശയമായിരുന്നു അത്.
ഒരു മുല എങ്ങനെയായിരിക്കുമെന്ന് അന്നെനിക്കറിയില്ലായിരുന്നു.അതുകൊണ്ടാവണം എഴുത്ത് നടന്നില്ല.ഇപ്പോള്‍ മുല എങ്ങനെയാണെന്നറിയാം.പക്ഷേ അതൊരു തുരങ്കമോ പാലമോ ദൂതോ അല്ലെന്നുമറിയാം.അത് സോണിയ പറയും പോലെ കൊഴുപ്പിന്‍റെ ഒരു കിഴിയാണെന്നു കരുതാനും വയ്യ.
അടുത്തിടെയും ആലോചിച്ചിരുന്നു.മുലയെപ്പറ്റി കഥയെഴുതണമെന്ന്.പക്ഷേ,തെറിയാവാതെ,അശ്ലീലമാവാതെ,വികാരോദ്ദീപനമാവാതെ,ക്ലീഷേയാവാതെ,ചര്‍വ്വിതചര്‍വ്വണമാവാതെ എങ്ങനെയാണ് ആ അനുഭവത്തെ ആവിഷ്കരിക്കുക എന്നറിയില്ല.
ഓടുന്ന തീവണ്ടിയില്‍ നിന്നാണല്ലോ ഗൌതം മേനോന്‍റെ സിനിമകളില്‍ പ്രണയം ആരംഭിക്കുക.
തീവണ്ടിയില്‍ നിന്നെ കണ്ടുമുട്ടാറുണ്ട് ഞാന്‍ .മണിരത്നത്തിന്‍റെ അലൈപായുതേയില്‍ മാധവന്‍ ശാലിനിയെ കണ്ടെത്തുന്നതുപോലെ.richard linklater ന്‍റെ before sunrise ലെ ആകസ്മികമായ കണ്ടെത്തല്‍ പോലെ..ഓരോ യാത്രയിലും നീ വരാറുണ്ട്.മഞ്ഞപ്പേപ്പറില്‍ എഴുതിയ പ്രണയലേഖനവുമായി..
ഒന്നെനിക്കറിയാം.ഓര്‍മ്മയില്‍ പോലും ഭാരത്തെ ലഘുവാക്കുന്ന അനുഭവമാണ് മുല.
ഓരോ ഓര്‍മ്മയിലും ജീവിതത്തെ അടയാളമിടുന്നതാണ് പ്രണയം.