Monday, June 28, 2010

മലയാളം മരിച്ചാലും മറഞ്ഞാലും നമുക്കെന്ത്‌!


പ്രപഞ്ചത്തെ സംബന്ധിച്ച്‌ 1500 വര്‍ഷങ്ങള്‍ ഒന്നുമല്ല.മനുഷ്യരാശിയെ സംബന്ധിച്ചും അങ്ങനെതന്നെ.കോടിക്കണക്കിന്‌ വര്‍ഷങ്ങളുടെ പരിണാമവും പാരമ്പര്യവും പ്രപഞ്ചത്തിനും മനുഷ്യവര്‍ഗ്ഗത്തിനുമുണ്ടെന്ന്‌ ശാസ്‌ത്രം പറയുന്നു.അപ്പോള്‍ കേവലം ഭാഷയെ സംബന്ധിച്ച്‌ നിലനില്‌പിന്റെ 1500 വര്‍ഷങ്ങള്‍ എന്നാല്‍ നിസ്സാരമായ കാലയളവാണെന്നതിലും തര്‍ക്കമുണ്ടാവുകയില്ല.അതായത്‌ മനുഷ്യനുമായി ബന്ധപ്പെട്ട നാനാജാതി കാര്യങ്ങളില്‍ പരമപ്രധാനമായ ഭാഷയ്‌ക്ക്‌ വെറും 1500 വര്‍ഷത്തെ പഴക്കം എന്നാല്‍,ആ ഭാഷ സംസാരിക്കുന്ന മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അത്രയും കാലത്തെ വികാസം എന്നര്‍ത്ഥം.
നമ്മുടെ ഭാഷയ്‌ക്ക്‌,മലയാളത്തിന്‌ 1500 വര്‍ഷത്തെ ചരിത്രമേയുള്ളൂ.എന്നാല്‍
അതിനപ്പുറത്തേക്ക്‌ ബൗദ്ധികവളര്‍ച്ച കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്‌.അത്‌
ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ,എങ്കിലും ഇനിയൊരു 1500 വര്‍ഷത്തെ മലയാളം
അതിജീവിക്കുമോ.കഴിയുന്നത്ര വേഗതയില്‍ തെളിവുകള്‍ പോലുമില്ലാതെ ശാസ്‌ത്രീയമായി
ഭാഷയെക്കൊല്ലാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരാണല്ലോ നമ്മള്‍.
അതുകൊണ്ട്‌ ചോദിച്ചുപോവുകയാണ്‌.
മാറ്റം അനിവാര്യതയാണ്‌.അനശ്വരത എന്നൊന്നില്ലെന്ന്‌ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.ആ അര്‍ത്ഥത്തില്‍ ഭാഷയെ എന്നല്ല,യാതൊന്നിനെ സംബന്ധിച്ചും വേവലാതി വേണ്ടെന്ന്‌ ഞാന്‍ സ്വയം പറയുകയും ചെയ്യാറുണ്ട്‌.എങ്കിലും എന്തുകൊണ്ടോ ഭാഷയെ സംബന്ധിച്ചതാകയാല്‍ മൗനം മാത്രമാകാന്‍ കഴിയാതെ പോകുന്നു.ഇങ്ങനെ വിചാരിക്കാന്‍ കാരണം,രണ്ടു മൂന്നു ദിവസമായി തമിഴ്‌നാട്ടില്‍ നിന്നു കേള്‍ക്കുന്ന വര്‍ത്തമാനങ്ങളാണ്‌.(ബംഗാളില്‍ നിന്ന്‌ ഇപ്പോള്‍ വാര്‍ത്തകളൊന്നുമില്ലല്ലോ.പകരം ഏതുതരം വാര്‍ത്തകളായാലും അവയെല്ലാം തമിഴ്‌നാട്ടില്‍ നിന്നാണല്ലോ.)കോയമ്പത്തൂരില്‍ നടന്ന തമിഴ്‌ ഭാഷാ സമ്മേളനത്തെപ്പറ്റിയാണ്‌ പരാമര്‍ശം.തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധിയാണ്‌ വ്യത്യസ്‌തമായ ഈ ഭാഷാസമ്മേളനത്തിന ചുക്കാന്‍ പിടിച്ചത്‌.തമിഴര്‍ അങ്ങനെ എന്തെല്ലാം ചെയ്യുന്നു!അതെല്ലാം നമുക്കിപ്പോള്‍ സ്വപ്‌്‌നം കാണാന്‍ കൂടി കഴിയുകയില്ല.അവര്‍ നല്ല സിനിമയെടുക്കുന്നു,നല്ല കൃഷി നടത്തുന്നു,വ്യവസായം നടത്തുന്നു,നല്ല സാഹിത്യമുണ്ടാവുന്നു...ലളിതമാണ്‌ കാരണം.അവിടത്തെ ജനത വികാരമുള്ളവരാണ്‌.തല്ലാനും കൊല്ലാനും തക്ക വികാരമുള്ളവര്‍.അതുകൊണ്ടാണ്‌ മുകളില്‍ പറഞ്ഞ സംഗതികളെല്ലാം അവിടെ വിജയമാവുന്നത്‌.നമുക്ക്‌ എന്തിനോടെങ്കിലും വൈകാരികതയുണ്ടോ?പലതിനോടും വൈകാരിക ബന്ധമുണ്ടെന്ന്‌ മേനി നടിക്കുന്നതല്ലാതെ യാതൊന്നിലും നമുക്ക്‌ രക്തം തൊട്ട ദൃഢതയില്ല.കള്ളന്‍ പെങ്ങളെ തിന്നാലും ബ്ലേഡുകാരന്‍ വീട്ടില്‍കയറി ഭാര്യയെ പിടിച്ചാലും അയ്യഞ്ചുവര്‍ഷ സര്‍ക്കാറുകള്‍ അന്യായമായി ബസ്‌കൂലി കൂട്ടിയാലും ഭക്ഷണവില കേറിയാലും എന്‍ഡോസള്‍ഫാന്‍ തളിച്ചാലും സ്‌മാര്‍ട്ട്‌്‌്‌ സിറ്റി പോയാലും എല്ലാം ഒന്നുപോലെ. തമിഴന്‌ അങ്ങനെയല്ല കാര്യങ്ങള്‍.അവനെല്ലാം ഉയിരില്‍ തൊടും....അതുകൊണ്ട്‌,വീട്ടില്‍ ടി വി ഉണ്ടെങ്കിലും അവന്‍ പോയി തീയേറ്ററില്‍ പടം കാണും.പുതുമുഖം നടിച്ചാലും രജനീകാന്ത്‌ നടിച്ചാലും അവന്‍ ആസ്വദിക്കും.വെള്ളമില്ലെങ്കിലും അവര്‍ കൃഷിയിറക്കും.ഇന്ധനവില വര്‍ദ്ധന ഒരു വഴിയേ പോകും,സാധാരണക്കാരന്‌ സഞ്ചരിക്കാനുള്ള നിരക്കില്‍ നിരത്തില്‍ വണ്ടിയോടുകയും ചെയ്യും.അവര്‍ അദ്ധ്വാനിക്കും.ഒപ്പം ആഘോഷിക്കുകയും ചെയ്യും.വിവാഹമായാലും ജനനമായാലും മരണമായാലും വൈകാരികമായ പങ്കാളിത്തം കാണിക്കും.ഏതു കാര്യത്തിനും ജനത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്‌ ഇതൊക്കെ അവിടെ സാദ്ധ്യമാവുന്നത്‌.കേരളത്തില്‍ നമ്മള്‍ അങ്ങനെ ആര്‍ക്കും അമിതമായി പിന്തുണ കൊടുക്കാറില്ല.തല വെട്ടി കൈയില്‍ വച്ചുകൊടുക്കുന്ന മായാജാലം കാണിച്ചാലും നമ്മളിതൊക്കെ എത്ര കണ്ടേക്കുന്നു എന്നമട്ടില്‍ ചുമ്മാ നില്‍ക്കുകയേയുള്ളു.അഥവാ,വേഗം തീര്‍ത്തുതന്നാല്‍ വേഗം വീട്ടില്‍ പോകാമായിരുന്നു എന്നമട്ടില്‍ അലസനാകും.അതുകൊണ്ടൊക്കെ,മറ്റു സ്ഥലങ്ങളില്‍ ചെന്നാല്‍ മലയാളി എന്നറിഞ്ഞാല്‍ ഒരു ബഹുമാനമുണ്ട്‌.അതോ ഭയമോ!എന്തായാലും ആദരവ്‌ കലര്‍ന്ന ആ അകല്‍ച്ച എന്നെ അസ്വസ്ഥനാക്കുന്നു.കാരണം കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന പ്രമാണം തന്നെ കാരണം.
'പാണ്ടി'എന്നു തമിഴനെ നാമിപ്പോള്‍ അങ്ങനെ കളിയാക്കിവിളിക്കാറില്ല.വിളിക്കുന്നവന്‍ അപഹാസ്യനാവുമെന്ന്‌ നമുക്കേതാണ്ട്‌ ഉറപ്പായിട്ടുണ്ട്‌.അത്രയും ഭാഗ്യം.പറഞ്ഞുവന്നത്‌ തമിഴ്‌ ഭാഷാ സമ്മേളനത്തെപ്പറ്റിയാണ്‌.ഒന്നാന്തരം പരിപാടിയായിരുന്നു എന്നാണ്‌ പങ്കെടുത്ത സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും അഭിപ്രായം.നേരിട്ടുപങ്കെടുത്തില്ലെങ്കിലും സൂക്ഷ്‌മമായി ഞാനന്വേഷിക്കുന്നുണ്ടായിരുന്നു.കാരണം,കഴിഞ്ഞ മെയ്‌ മാസത്തില്‍,കശ്‌മീരില്‍ പോയ സമയത്ത്‌,ഇന്ത്യാ-ചൈന യുദ്ധത്തില്‍ മരിച്ചവരെ സംസ്‌കരിച്ചിരിക്കുന്ന സിന്ധു നദിയുടെ താഴ്‌വരയില്‍ ഞാന്‍ പോയിരുന്നു.അവിടെ വച്ച്‌ നമ്മുടെ ദേശീയതയെ നാമോരോരുത്തരും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്റെയുള്ളില്‍ തീക്ഷ്‌ണമായി നിറയുകയും ചെയ്‌തിരുന്നു.അതൊരുതരം അപകടകരമായ രാജ്യസ്‌നേഹത്തിന്റെയോ യുദ്ധാസക്തിയുടെയോ അയല്‍പക്കശത്രുതയുടെയോ ആരംഭമായിരുന്നില്ല.ശുദ്ധമായ ദേശീയത എന്ന വികാരം മാത്രമായിരുന്നു അത്‌.തികച്ചും വന്ദേമാതരം.പക്ഷേ അതെന്നിലുണ്ടായത്‌ 4500-ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി അവിടെയെത്തിയപ്പോഴായിരുന്നു.ഓര്‍മ്മകളുറങ്ങുന്ന ആ ശ്‌മശാനസ്ഥലി കണ്ടപ്പോഴായിരുന്നു.വാസ്‌തവത്തില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ കാണിച്ചുകൊടുത്തതും അതേപോലൊരു കാര്യമല്ലേ? തമിഴന്റെ ദേശീയതയെയും വൈകാരികതയെയുമാണ്‌ പഴയ സിനിമാ സംഭാഷണ രചയിതാവായ കരുണാനിധി സ്‌പര്‍ശിച്ചുണര്‍ത്തിയത്‌.ഇടക്കിടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണെന്ന്‌ നമുക്കുമൊരു തിരിച്ചറിവാകുന്നു.അത്‌ ദേശത്തെയും ഭാഷയെയും അതിന്മലുള്ള വൈകാരികബന്ധങ്ങളെയും നിലനിര്‍ത്താന്‍ ഒരുപാട്‌ സഹായിക്കും.
എന്തുകൊണ്ട്‌,നാം,മിടുമിടുക്കന്മാരായ നാം ഇത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല.വെറും 1500 വര്‍ഷത്തെ പഴക്കമുള്ള നമ്മുടെ ഭാഷയെ നമുക്ക്‌ സംരക്ഷിക്കേണ്ടേ.നമ്മുടെ ബഹു.മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍, മലയാളത്തിന്‌ ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കണമെന്നാവശ്യപ്പെട്ട്‌ അടുത്തയിടെ പ്രധാനമന്ത്രിയെ കണ്ടിരുന്നു.അക്കാര്യത്തില്‍പോലും ഒന്നിച്ചു നില്‍ക്കാന്‍ ഭരണമുന്നണിക്കോ,പ്രതിപക്ഷത്തിനോ കഴിഞ്ഞില്ല.ഈ സര്‍ക്കാരിനും ആവാമായിരുന്നു ഇത്തരത്തിലൊരു മലയാളഭാഷാ സമ്മേളനം.അതിന്‌ ചരിത്രമുണ്ട്‌.

1971-ലാണ്‌ ഭാരതത്തിലാദ്യമായി ദ്രവീഡിയന്‍ ഭാഷാസമ്മേളനം തിരുവനന്തപുരത്ത്‌
നടന്നത്‌.അന്ന്‌ സി അച്യതമേനോനായിരുന്നു മുഖ്യമന്ത്രി.പ്രൊഫ.പുതുശ്ശേരി
രാമചന്ദ്രനും പ്രൊഫ.വി ഐ സുബ്രഹ്മണ്യവുമായിരുന്നു മുഖ്യ സംഘാടകര്‍.ദ്രവീഡിയന്‍
ഭാഷാസമ്മേളനത്തിനുശേഷം 1977-ല്‍ ആദ്യമായി ലോകമലയാളി സമ്മേളനവും കേരളത്തില്‍
നടന്നിട്ടുണ്ട്‌.അന്ന്‌ എ കെ ആന്റണിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.അതൊക്കെ
കഴിഞ്ഞിട്ട്‌ മൂന്നിലധികം പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.
നമുക്കുമാത്രം ഭാഷ എന്നത്‌ കലര്‍പ്പില്‍ സംസാരിക്കാനും എഴുതാനുമുള്ളതായിരിക്കുന്നു.കലങ്ങിക്കലങ്ങി നമ്മുടെ മലയാളം മലയാളമല്ലാതായി മാറും.അല്ലെങ്കില്‍ തമിഴും ഇംഗ്‌ളീഷും മറ്റു ഭാഷകളും സ്വീകരിച്ച്‌ സ്വീകരിച്ച്‌ മലയാളമെന്നത്‌ ഒടുവില്‍ ഭാഷയുടെ അടിയില്‍ പരതിയാല്‍പ്പോലും കണികണാനില്ലാത്തതായി മാറും.എന്താണു വേണ്ടത്‌?
തമിഴനെപ്പോലെ നിയന്ത്രണം വിട്ട ഭാഷാസ്‌നേഹം വേണമെന്നില്ല.സര്‍വ്വവും തമിഴാക്കി മറുനാട്ടുകാരെ കുഴപ്പിക്കുന്ന പരിപാടിയും വേണ്ട.ഇംഗ്‌്‌ളീഷ്‌്‌ വിരോധവും വേണ്ട.സ്വന്തം പരസ്യപ്പലകകളെങ്കിലും മലയാളത്തില്‍ എഴുതിവയ്‌ക്കാന്‍ നാം തയ്യാറാവണം.നമ്മുടെ ആശുപത്രികളിലും ബാങ്കുകളിലും എന്നുവേണ്ട സാധാരണക്കാര്‍ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും ഇംഗ്‌ളീഷിലാണ്‌ ചുമരെഴുത്തുകള്‍.അതുമാറണം.ഭരണഭാഷ മാത്രമല്ല,കോടതി ഭാഷയും മലയാളമാകണം.കലാലയങ്ങളില്‍ നിര്‍ബന്ധിത മലയാളപഠനവും വേണം.ഇപ്പോള്‍,മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നോ രണ്ടോ ഒഴിച്ച്‌ ബാക്കിയെല്ലാം 'ലേ-ഔട്ടിന്റെ ' ഭാഗമായി മുഖച്ചിത്രപ്പേജിലും പ്രധാന തലക്കെട്ടിലും വരെ ഇംഗ്‌ളീഷ്‌ ലിപികള്‍ ഉപയോഗിക്കുന്നവരാണ്‌.വിദേശപ്രസിദ്ധീകരണത്തിന്റെ മോടിയുണ്ടാക്കാന്‍ അത്‌്‌്‌ സഹായിച്ചേക്കും.പക്ഷേ,ഭാഷയെ കലര്‍പ്പില്ലാതാക്കാന്‍ അതു സഹായിക്കില്ല.
തമിഴ്‌ഭാഷാസമ്മേളനത്തില്‍ എനിക്കിഷ്ടമായത്‌ പറയാം.എന്തിനുമേതിനും മാതൃഭാഷയില്‍ വാക്കുണ്ടാക്കുന്നതാണ്‌ അവരുടെ മിടുക്ക്‌.
മലയാളിക്ക്‌ ബെഞ്ചും ഡെസ്‌കും ജ്യൂസും പ്ലീസും താങ്ക്‌സും ഡോറും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ടെലിവിഷനും എന്നുവേണ്ട ഒരുമാതിരി സോറി വരെ എല്ലാം തന്നെ കടംകൊണ്ട ഭാഷയാണല്ലോ.ഉറുദുവും അറബിയും ഇങ്ങനെ ഇങ്ങെത്തിയിട്ടുണ്ട്‌.ഭാഷയുടെ വികാസത്തിന്‌ ഇത്തരം കടംവാങ്ങലിന്റെയും കൊടുക്കലിന്റെയും ആവശ്യകതയെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ.ഓരോ വിദേശവാക്കിനും നമുക്ക്‌ തത്തുല്യമായ മലയാളം വാക്ക്‌ നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം.അവിടെ കേട്ട ചില ഉദാഹരണങ്ങള്‍ പറയാം.പലവകൈ കായ്‌കറി സാദം=ബിരിയാണി.കൈപ്പേശി=മൊബൈല്‍ ഫോണ്‍.

മിന്നലഞ്ചല്‍=ഇ മെയില്‍...ഇ മെയിലിന്‌ ഇങ്ങനൊരു തര്‍ജ്ജമ അല്ലെങ്കില്‍
മലയാളവഴക്കമുള്ള ഒരു വാക്ക്‌ കണ്ടെത്താന്‍ കഴിയുമെന്ന്‌്‌്‌ നമ്മളാരെങ്കിലും
വിചാരിച്ചിട്ടുണ്ടോ.എന്തൊരു ശാലീനതയും ഗാംഭീര്യവുമാണ്‌ മിന്നലഞ്ചല്‍ എന്ന
പുതുമയേറിയ പ്രയോഗത്തിന്‌!
ഇങ്ങനെ പൊലീസ്‌ സ്റ്റേഷനും കോടതിക്കും ലോ കോളജിനും യൂണിവേഴ്‌സിറ്റിക്കും എല്ലാം അവിടെ മാതൃഭാഷയില്‍ വാക്കുകളുണ്ട്‌.പ്രിന്റിനും പ്രിന്റിറിനും ഡൗണ്‍ലോഡിനും കമ്പ്യൂട്ടറിനുമെല്ലാം പകരം പദങ്ങളായി.വെറും പദങ്ങളല്ല,തേനൊലിക്കുന്ന തമിഴ്‌്‌്‌പദങ്ങള്‍.കോയമ്പത്തൂരിലെ സമ്മേളനം തീരുമ്പോള്‍ ഇനിയും ധാരാളം വാക്കുകള്‍ തമിഴ്‌ മൊഴിയില്‍ ഉണ്ടാവും.ഉണ്ടാവട്ടെ.അങ്ങനെയാണ്‌ ഭാഷ വളരുന്നത്‌.ഭാഷ മനപ്പാഠമാകുന്നതും സാമൂഹ്യജീവിതത്തില്‍ നിലനില്‌ക്കുന്നതും അങ്ങനെയാണ്‌.
മലയാളം മരിച്ചാലും മറഞ്ഞാലും നമുക്കെന്ത്‌!
photo:susmesh chandroth

Friday, June 25, 2010

ഒരു ചെറിയ(വലിയ)പിശക്‌.

ഞാനെഴുതിയ കഴിഞ്ഞ പോസ്‌റ്റില്‍ ആവേശത്തിലെ ജാഗ്രതാനഷ്ടം മൂലമോ ധൃതികൊണ്ടോ ഓര്‍മ്മപ്പിശകുണ്ടായി.ഞങ്ങളുടെ 'ആതിര 10 സി' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത്‌ ശ്രീമതി ചിത്രാ അയ്യരാണ്‌.മറ്റൊരുപേരാണ്‌ ഞാന്‍ തെറ്റിച്ചേര്‍ത്തിരുന്നത്‌്‌.മാത്രവുമല്ല ചിത്രത്തില്‍ മകളായി വന്നതും ചിത്രാ അയ്യരുടെ മകള്‍ തന്നെയാണ്‌.വളരെ മികച്ച അഭിനയമായിരുന്നു ഇരുവരുടെതും.ഒരു ദൃശ്യസംരംഭത്തിലെ ഏറ്റവും ഉത്തരവാദിത്തം പിടിച്ച ചുമതലകളിലൊന്ന്‌ അഭിനേതാക്കളുടെ കുറ്റമറ്റ തിരഞ്ഞെടുപ്പാണ്‌.ഊ ചിത്രത്തില്‍ ഞങ്ങള്‍ക്കതിനു കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്‌.
എനിക്കു പറ്റിയ പിശക്‌ ബ്ലോഗിലൂടെയും ഫോണിലൂടെയും പലരും സൂചിപ്പിച്ചു.ചിലരൊക്കെ അത്‌ കമന്റ്‌ ആയി എഴുതിയാല്‍ എനിക്കു വ്യക്തിപരമായ മനോവിഷമം ഉണ്ടാകുമെന്ന്‌ ശങ്കിക്കുന്നതായും തോന്നി.അങ്ങനെയൊന്നുമില്ല.തെറ്റ്‌ ചെറുതായാലും വലുതായാലും തെറ്റ്‌ തന്നെ.അത്‌ തിരുത്തേണ്ടതുമാണ്‌.എന്നെ തിരുത്തുന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്‌.എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.എനിക്കു സംഭവിച്ച പിശകില്‍ നിര്‍വ്യാജമായ ക്ഷമാപണം.
കഴിഞ്ഞ ഒരാഴ്‌്‌്‌ചക്കാലം ഇത്തിരി ജോലിത്തിരക്കുകളുടെതായിരുന്നു.അതിനാല്‍ കാര്യമായൊന്നും നമുക്ക്‌്‌്‌ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല.വൈകാതെ വീണ്ടും കാണാം.
ശുഭരാത്രി.

Thursday, June 17, 2010

മികച്ച ഹ്രസ്വചിത്രം ഞങ്ങളുടെ 'ആതിര 10 സി.'


2009 മെയ് 3-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഞാന്‍ 'മരണവിദ്യാലയം'എന്ന കഥയെഴുതിയത്.
ഒരു മാനേജ്മെന്റ് സ്കൂളില്‍ പഠിക്കുന്ന നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെയും അവളെ പഠിപ്പിക്കുന്ന അദ്ധ്യാപികമാരുടെയും സാഹചര്യങ്ങളാണ് ആ കഥയിലൂടെ പറയാന്‍ ശ്രമിച്ചത്.മികച്ച വിജയം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഏതൊരു സ്കൂളിലും പ്രാണന്‍ ബലി നല്കാന്‍ ബാദ്ധ്യസ്ഥരാക്കപ്പെട്ട വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുണ്ടാവും.അവരെ പീഡിപ്പിക്കുന്നതും മാനസികരോഗികളാക്കുന്നതും രക്ഷിതാക്കളും മാനേജ്മെന്റും കൂടിച്ചേര്‍ന്നാണ്.സ്ഥിരബുദ്ധിയും അറിവുമുള്ള അദ്ധ്യാപകര്‍പോലും രക്ഷിതാക്കളുടെയും സ്കൂളധികൃതരുടെയും പിരിച്ചുവിടല്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി കുട്ടികളെ വിജയികളാക്കാന്‍ പണിയെടുത്തുതുടങ്ങും.വിജയികളായേ പറ്റൂ എന്ന സമ്മര്‍ദ്ദത്തിലേക്ക് ഓരോ കുട്ടിയും വൈകാതെ എത്തിച്ചേരും.ഇതെല്ലാം പരോക്ഷമായ മാനസികവൈകൃതങ്ങളിലേക്കും നിരാശയിലേക്കും മറ്റു കുറ്റവാസനകളിലേക്കും അവരെ നയിക്കും.ഈ പ്രമേയത്തിലൂന്നി നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അകാലമരണം പറയുകയായിരുന്നു ആ കഥയിലൂടെ.വായനക്കാരുടെ സജീവപ്രതികരണം നേടിയ കഥയായിരുന്നു അത്.
കഴിഞ്ഞവര്‍ഷം ഓണത്തിനു സംപ്രേഷണം ചെയ്യാനായി അമൃത ടെലിവിഷന്‍ നിര്‍മ്മിച്ച 5 സിനിമകളിലൊന്ന് മരണവിദ്യാലയമായിരുന്നു.ഞങ്ങള്‍ 'ആതിര 10 സി'എന്ന പേരാണ് ആ ഹ്രസ്വസിനിമയ്ക്കു നല്‍കിയത്.അജന്‍ ആയിരുന്നു സംവിധാനം.ഞാന്‍ തിരക്കഥയും സംഭാഷണവും എഴുതി.ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും അഭിനയിച്ച 'ആതിര' അന്നേ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം നേടിയിരുന്നു.ഇപ്പോള്‍ തിരുവനന്തപുരത്തു സമാപിച്ച,ഡോക്യുമെന്ററിക്കും ഹ്രസ്വസിനിമയ്ക്കുമുള്ള സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ ആതിര മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിനൊപ്പം പങ്കിട്ടു.സന്തോഷമുണ്ട് ഈ പുരസ്കാരലബ്ധിയില്‍.ഞങ്ങളുടെ ചിത്രത്തിനായി പ്രയത്നിച്ച മുഴുവന്‍ കൂട്ടാളികള്‍ക്കും എന്റെ അനുമോദനങ്ങള്‍.ഒപ്പം എന്റെ നന്ദിയും.
വ്യക്തിപരമായി എനിക്കു മറ്റൊരു സന്തോഷം കൂടിയുണ്ട്.
ഞാന്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമ എം എ നിഷാദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'പകല്‍'ആയിരുന്നു.എം ജി രാധാകൃഷ്ണന്‍ സാറും ഗിരീഷ് പുത്തഞ്ചേരിയും കൂടി ചെയ്ത പാട്ടുകള്‍ ഹിറ്റായിരുന്നു.'എന്തിത്രവൈകി നീ സന്ധ്യേ..'ഞങ്ങള്‍ മൂവരും ഒന്നിച്ചിരുന്ന് കഥാസന്ദര്‍ഭം ചര്‍ച്ചചെയ്ത് ചിട്ടപ്പെടുത്തിയതായിരുന്നു.വിപിന്‍മോഹനായിരുന്നു ഛായാഗ്രഹണം.നവാഗത സംവിധായകനുള്ള സിംഗപ്പൂര് മലയാളികളുടെ അവാര്‍ഡ് സംവിധായകന് കിട്ടി.ഏറെ മാധ്യമശ്രദ്ധയും പകല്‍ നേടി.പിന്നീട് ചെയ്തത് നിഷാദ് തന്നെ സംവിധാനം ചെയ്ത 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'മാണ്.അതൊരു ഹ്രസ്വസിനിമയായിരുന്നു.അശോകനും സുവര്‍ണ്ണാമാത്യുവുമായിരുന്നു പ്രധാന നടീനട•ാര്‍.(ഈ കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.)സാദത്ത് ആയിരുന്നു ഛായാഗ്രഹണം.സംയോജനം ഡോണ്‍മാക്സ്.സംഗീതം രാജാമണി.2007-ല്‍മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാര്‍ഡ് ആ ചിത്രത്തിനായിരുന്നു.അതിനുശേഷം ഞാനെഴുതിയ പടമാണ് ആതിര.ദൃശ്യമാധ്യമത്തില്‍ ചെയ്യാന്‍ കഴിഞ്ഞ മൂന്നു പടങ്ങളും ഇങ്ങനെ അംഗീകാരം നേടിയതില്‍ ആഹ്ളാദമുണ്ട്.എന്റെ മാത്രം വിജയമല്ല.ഒരുകൂട്ടമാളുകളുടെ പ്രയത്നഫലമാണത്.
ആതിര 10 സി കണ്ട് അഭിപ്രായം പറഞ്ഞ എല്ലാ പ്രേക്ഷകര്‍ക്കും നന്ദി.

Tuesday, June 15, 2010

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാവണം.



ജനം എന്നാല്‍ ഒരാളുടെ വ്യക്തിഗതമായ അഭിപ്രായത്തില്‍ ഉള്‍പ്പെടുന്ന
മൂന്നോ നാലോ പേരായിരിക്കരുത്.കക്ഷിരാഷ്ട്രീയ ഭേദമെന്യേയുള്ള മതാതീതസമൂഹത്തെയാണ്
നമ്മള്‍ ജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ജനക്ഷേമസര്‍ക്കാര്‍ എന്നുപറയുമ്പോള്‍
മുകളില്‍ പറഞ്ഞ രീതിയില്‍ നിലനില്‍ക്കുന്ന ജനത്തിന്റെ ക്ഷേമം കാംക്ഷിക്കുന്നവര്‍
എന്നാകണം.അത് ഇടതുവലതു സര്‍ക്കാറുകള്‍ക്ക് ഒരേപോലെ ബാധകമാണ്.
എന്നാല്‍ പലപ്പോഴും കേരളത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിതതാല്പര്യങ്ങളില്‍ തട്ടി അനാഥമാവുന്നതാണ് നാം കാണുന്നത്.അല്ലെങ്കില്‍ നിക്ഷിപ്ത താല്പര്യങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നത്.രണ്ടിലേതായാലും സമൂഹത്തിന്റെ ഉന്നമനത്തിന് പര്യാപ്തമായ പരിഷ്കൃതാശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാം വൃത്തികെട്ട അലംഭാവം വച്ചുപുലര്‍ത്തുന്നവരാണ്.അക്കാര്യം എല്ലാ സാറ•ാരും അംഗീകരിക്കാനുമിടയുണ്ട്.
പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.സര്‍ക്കാര്‍ നടപ്പിലാക്കേണ്ടിയിരുന്ന എത്രയോ കാര്യങ്ങള്‍ എങ്ങുമെത്താതെ പോയതായി മനസ്സിലാവുന്നതാണ് സങ്കടം.ഒരു ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതിന് പല ഘടകങ്ങളുണ്ട്.വകുപ്പുമന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് ജീവനക്കാരന്‍ വരെയുള്ളവരുടെ അലംഭാവം കാരണമായി പറയാം.മലയാളിക്ക് സ്വതേയുള്ള ഈഗോ തന്നെയാവാം ഇവിടെയും ഇടപെടല്‍ നടത്തുന്നത്.(കൌണ്‍സിലിങ്ങിനും മനോരോഗചികിത്സയ്ക്കും എന്നേ വിധേയമാക്കേണ്ട സമൂഹമാണ് കേരളത്തിലേത്.) ഒരേ മനസ്സോടെയുള്ള നീക്കം ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നണിഭരണത്തില്‍ അപ്രാപ്യമായിരിക്കാം.ഘടകകക്ഷികളും അവരുടെ താല്പര്യങ്ങളും ഭരണത്തെ ബാധിക്കാം.അതിനപ്പുറം കേന്ദ്രസര്‍ക്കാറിനോടുള്ള രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ബാധിക്കാം.ഇതൊക്കെ ആശാസ്യമാണോ.?തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വരുന്നത് ഇത്തരം തട്ടുമുട്ടുന്യായങ്ങളില്‍ തട്ടി കാലാവധി തികയ്ക്കാനാണോ?ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് എതിര്‍രാഷ്ട്രീയവിശ്വാസികളും പ്രതീക്ഷിക്കുന്നത് ഇതാണോ?തീര്‍ച്ചയായും ഇതൊന്നുമല്ല.
ഇക്കൊല്ലം സ്കൂള്‍ തുറന്നപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പതിവുപോലെ ഹാജര്‍ നില താഴേക്ക്!വര്‍ഷങ്ങളായി ഘടകകക്ഷികള്‍ മാറി മാറി ഭരിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസവകുപ്പ് ഇടതുപക്ഷത്തിനു നേരിട്ടു കിട്ടിയ സര്‍ക്കാറാണ് ഇത്.പണം മാത്രം ആധാരമാക്കി നടത്തപ്പെടുന്ന മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും കൊണ്ടുവരുന്നതില്‍ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടത് പൊതുസമൂഹത്തിനുമുന്നില്‍ ജനാധിപത്യഭരണകൂടം അപഹാസ്യമാകുന്നതിന ് ഉദാഹരണമാണ്.
കൈയൂക്കുള്ളവനും പണക്കൊഴുപ്പുള്ളവനും മുന്നില്‍ വളയുന്നതാവരുത്
ജനാധിപത്യസര്‍ക്കാറിന്റെ നയങ്ങള്‍.മതസ്ഥാപനങ്ങള്‍ക്കും ആത്മീയാചാര്യ•ാര്‍ക്കും
സ്വന്തം സിലബസ് പഠിപ്പിക്കാന്‍ അനുവാദം കിട്ടുമ്പോള്‍ ഒരു മതേതര സമൂഹത്തിന്റെ മുഖം
പൊളിയുകയാണ് ചെയ്യുന്നത്.
എല്ലാ അര്‍ഹതയുമുണ്ടായിട്ടും മാനേജ്മെന്റുകളുടെ വ്യക്തിഗത താല്പര്യങ്ങള്‍ക്ക് മുന്നില്‍ ആത്മാഭിമാനം പണയപ്പെടുത്തി പണിയെടുക്കേണ്ടിവരികയാണ് അത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക്.മറുവശത്ത് കുട്ടികള്‍ തികയാത്തതിന്റെ പേരില്‍ തൊഴില്‍ ഭീഷണി നേരിടുകയാണ് സര്‍ക്കാര്‍ കലാലയങ്ങളിലെ അദ്ധ്യാപകര്‍.അപകടകരമായ സ്വാതന്ത്യത്തില്‍ വളരുന്ന/വളര്‍ത്തപ്പെടുന്ന സ്വകാര്യസ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്യാന്‍ മിനക്കെടാത്ത അരാഷ്ട്രീയജീവികളായും സമൂഹത്തോട് ബാദ്ധ്യതയില്ലാത്ത നിര്‍ഗുണ•ാരായും പുറത്തേക്ക് വരുന്നത് മറ്റൊരു ഭീഷണി.അധികാരവും പണവും സൃഷ്ടിക്കുന്ന ആര്‍ത്തി വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഒരേപോലെ ഇരകളാക്കും.ഇരകളാകാന്‍ നിന്നുകൊടുക്കുന്ന ഭരണകൂടസാരഥികള്‍ക്കു കീഴില്‍ ജനങ്ങള്‍ക്കെന്നാണ് ക്ഷേമമുണ്ടാവുക?
ഇത്രയുമൊക്കെ പറഞ്ഞുപോകാന്‍ കാരണം,ഇന്നത്തെ ഒരു പ്രാദേശിക പത്രവാര്‍ത്തയാണ്.ഓണത്തിനുമുമ്പായി എറണാകുളം നഗരത്തില്‍ കെ എസ് ആര്‍ ടി സി സിറ്റി സര്‍വ്വീസ് തുടങ്ങുമെന്നതാണ് വാര്‍ത്ത.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മാത്യു ടി തോമസും മോന്‍സ് ജോസഫും ജോസ് തെറ്റയിലുമടക്കം ഭരിച്ച മന്ത്രിമാര്‍ക്കും അതിനുമുമ്പ് കാലാകാലം വകുപ്പുഭരിച്ച മന്ത്രിമാര്‍ക്കും കഴിയാത്തതാണോ ഇത്?കെ എസ് ആര്‍ ടി സിക്കു മാറ്റിവച്ചിരിക്കുന്ന പെര്‍മിറ്റുകള്‍ ഉപയോഗിക്കാന്‍ എവിടെയാണ് അമാന്തമുണ്ടാകുന്നത്?എന്തിനാണ് അമാന്തമുണ്ടാകേണ്ടത്!കേരളത്തിലെ മെട്രോസിറ്റിയായ എറണാകുളത്ത് യാത്രക്കാരായ സാധാരണക്കാര്‍ (സ്ത്രീകളും കുട്ടികളും കൂടുതലായും.)കാലങ്ങളായി അനുഭവിച്ചുവരുന്ന അപമാനത്തിന് എങ്കില്‍ എന്നേ അറുതി വന്നേനെ.പണം കൊടുത്ത് യാത്ര ചെയ്യുന്നത് മാനക്കേടിന്റെ കഷണം വാങ്ങിച്ചു പോക്കറ്റിലിടുന്നതിന് തുല്യമാകുന്നതിന് സമമാകുന്നത് എറണാകുളത്ത് സ്വകാര്യബസില്‍ യാത്ര ചെയ്യുമ്പോഴാണ്.കാറില്‍ നടക്കുന്ന വോട്ടു ചെയ്യാത്ത എറണാകുളത്തെ ഉപരിവര്‍ഗ്ഗജീവികള്‍ക്കും സ്വകാര്യബസുടമകള്‍ക്കും ഇത് മനസ്സിലാകില്ല.(അവരുടെ മക്കള്‍ അവരുടെ ബസില്‍ യാത്ര ചെയ്യുന്നുണ്ടാകുമോ..)
കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമാകയാല്‍ ജനോറം പദ്ധതിയിലെ ഏ സി,നോണ്‍ ഏ സി ബസുകള്‍ എറണാകുളം നിരത്തിലിറങ്ങി.കെ എസ് ആര്‍ ടി സിയാണ് സര്‍വ്വീസ് നടത്തുന്നത്.അതിലെ സഞ്ചാരസുഖവും മനസ്സമാധാനവും എറണാകുളത്തുകാര്‍ അറിയുകയും ചെയ്തു.തിരുവനന്തപുരത്തെ അപേക്ഷിച്ച് പദ്ധതി വളരെവേഗം ലാഭകരമായെന്നാണ് അറിയുന്നത്.എന്തായാലും അതോടെ സ്വകാര്യബസുകളുടെ മല്‍പ്പിടുത്തത്തിന് അല്പം ശമനമുണ്ട്.

സര്‍ക്കാര്‍ ബസുകള്‍ സാധാരണക്കാരന്റെ നെഞ്ചത്തുകയറുന്നത് താരതമ്യേന
കുറവാണ്.അതുകൊണ്ടാണ് വേഗമല്പം കുറഞ്ഞാലും സര്‍ക്കാര്‍ശകടം
നിരത്തില്‍വേണമെന്നാഗ്രഹിക്കുന്നത്.മാത്രവുമല്ല,സര്‍ക്കാര്‍ ബസില്‍ ഇരിക്കുമ്പോള്‍
സ്വന്തം വീട്ടിലിരിക്കുമ്പോഴത്തെ ഒരു മനസ്സമാധാനം തോന്നാറുണ്ട്.നമ്മളുംകൂടി
കൊടുക്കുന്ന നികുതികൊണ്ട് ഓടുന്നതല്ലേ
.
ഒരുതരം ഉടമാബോധം തന്നെയാവാം.പക്ഷേ,അമ്പത് സിറ്റി സര്‍വ്വീസിന് അനുമതി കൊടുത്താല്‍ ആളെക്കൊന്നും തള്ളിക്കയറ്റിയും നഗരത്തിലെ സ്വകാര്യബസ് മുതലാളിമാര്‍ പിടിച്ചുപറിച്ചുണ്ടാക്കുന്ന കണക്കില്ലാത്ത കാശിന് വലുപ്പം കുറയും.ഇങ്ങനെയുള്ള മുതലാളിമാര്‍ പറയുന്ന തന്കാര്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വളയുമ്പോള്‍ നാട് വളരില്ല.കുറേ മുതലാളിമാരും മതമേലദ്ധ്യക്ഷ•ാരും ഉദ്യോഗസ്ഥ•ാരും അണികളും ബിനാമികളും അന്തര്‍സംസ്ഥാന കരിഞ്ചന്തവ്യാപാരികളും അവരുടെ ഇടനിലക്കാരും അങ്ങനെയങ്ങനെ സംസ്ഥാനം ഭരിക്കാന്‍ കാലാകാലങ്ങളില്‍ കുറേ നിഴലുകള്‍ ഉണ്ടാകാറുണ്ട്.അവരെ നിയന്ത്രിക്കാതെയും നിലയ്ക്കുനിര്‍ത്താതെയും ഭരണകൂടം ഭരണം നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധമാണ്,സത്യപ്രതിജ്ഞാലംഘനമാണ്.
ഓണത്തിനു മുമ്പ് സര്‍ക്കാര്‍ബസ് എറണാകുളം നിരത്ത് കാണുമോ എന്നത് പ്രവചിക്കാനാവില്ല.പലേ കാര്യങ്ങളും ഇങ്ങനെയൊക്കെത്തന്നെയായതിനാലും കാത്തിരിപ്പ് ഒരു ശീലമായിക്കഴിഞ്ഞതിനാലും ..കാത്തിരിക്കാം.

Monday, June 14, 2010

നിരപരാധികളെക്കൊന്ന് പ്രതിഷേധിക്കരുത്.

ഒരു ജന#ാധിപത്യരാഷ്ട്രത്തില്‍ വ്യക്തികള്‍ക്ക് രാഷ്ട്രീയനിലപാടുകളുണ്ടാവുന്നതും അഭിപ്രായവ്യത്യാസമുണ്ടാവുന്നതും സ്വാഭാവികം.അതിനായി അധികാരികളുടെ കണ്ണുതുറപ്പിക്കാനും തങ്ങളുടെ ആവശ്യങ്ങളും ആക്ഷേപങ്ങളും അിറയിക്കാനും ആര്‍ക്കും അവകാശമുണ്ട്.പക്ഷേ അത് നിരപരാധികളുടെ ചോരയില്‍ മുഖം നോക്കിക്കെ#ാണ്ടാവരുത്.
തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് നടന്ന തീവണ്ടിപ്പാളത്തിലെ സ്ഫോടനം ഏത് ഉദ്ദേശത്തിന്‍ പുറത്തായാലും അത്യന്തം ഹീനമായിപ്പോയി.നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നിമിഷമാത്രയ്ക്ക് രക്ഷപ്പെട്ടു.അതുമാത്രമല്ല,സ്ഫോടനം നടന്നിരുന്നെങ്കില്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തരഗതിയും അതോടെ മാറ്റിയെഴുതപ്പെടുമായിരുന്നു.ആഭ്യന്തരകലാപങ്ങള്‍ ഏതുകോണില്‍ നിന്നായാലും അപകടമാണ്.അതിനെ ചെറുക്കേണ്ടതുണ്.

Sunday, June 13, 2010

മഴച്ചന്തം-സ്വപ്നങ്ങള്‍ സഹിതം.




ഇക്കൊല്ലത്തെ മഴക്കാലം പ്രചാരത്തിലായത് ഇന്നാണെന്നുതോന്നുന്നു.കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ അങ്ങിങ്ങ് മഴയുണ്ടെങ്കിലും എല്ലായിടത്തും ഒരേപോലെ നനവും ഈര്‍പ്പവും അനുഭവപ്പെട്ടത് ഇന്നാവണം.കാലത്തുമുതല്‍ ചൂടില്ലാത്ത സൂര്യപ്രകാശത്തില്‍ ആകാശം ചോരുകയായിരുന്നു. ജില്ലാകലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയതും ഇന്നുതന്നെ. ആരോഗ്യമന്ത്രിയെ കുടുക്കാന്‍ എന്തായാലും മഴയ്ക്കുമുന്നേ പനി എത്തി.പത്രങ്ങള്‍ക്ക് പണിയായി.പനിക്കാര്‍ക്ക് ഭയവും.
കഴിഞ്ഞയാഴ്ച കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എഴുതിയ ലേഖനത്തില്‍(വര്‍ത്തമാനം പത്രം) മഴയെ പേടിക്കുന്ന,വെറുക്കുന്ന ജീവിതാവസ്ഥയെപ്പറ്റി എഴുതിയിരുന്നു.എഴുത്തുകാര്‍ വാഴ്ത്തുന്ന, സൌന്ദര്യം തിങ്ങിയ മഴക്കാലം തികച്ചും വ്യക്തിപരമാണ്.തനിക്കത് ദുസ്സഹവും. സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടും മനോഭാവം മാറ്റാന്‍ ഇപ്പോഴും അദ്ദേഹത്തിനു കഴിയുന്നില്ല.അദ്ദേഹത്തിനു മാത്രമല്ല,പലര്‍ക്കും കഴിയാറില്ല.അതേവിധം മഴയെ വെറുക്കുന്ന എത്രയോ പേരുണ്ടാവാം കേരളത്തില്‍.നമുക്കവരെ തെറ്റുപറയാന്‍ ഒരിക്കലും കഴിയില്ല.അനുഭവങ്ങളെ ആര്‍ക്കും മാറ്റിയാവിഷ്കരിക്കാന്‍ കഴിയില്ലല്ലോ.അതേവിധം ഭയാനകമായിരുന്നു ബാല്യകൌമാരത്തില്‍ ഞാനനുഭവിച്ച കാലവര്‍ഷങ്ങളും.രാത്രിയുറങ്ങാനും സ്കൂളില്‍ പോകാനും കുളിക്കാനിറങ്ങാനും കഴിയാത്ത അവസ്ഥ.മണ്ണിട്ട വഴിമുഴുവന്‍ നടക്കാന്‍ കഴിയാത്തവിധം ചളിയായിട്ടുണ്ടാവും.നോക്കിനില്ക്കേ പുല്ലുവളര്‍ന്ന് ചവിട്ടടിപ്പാത മൂടിയിട്ടുണ്ടാവും.നനഞ്ഞ കാപ്പിച്ചില്ലകള്‍ വഴിയിലേക്ക് ചാഞ്ഞിട്ടുണ്ടാവും.പഠിക്കാന്‍ പോകുന്ന സ്കൂളിലേക്ക് ആറു കിലോമീറ്റര്‍ ബസ്ദൂരമുണ്ട്.അവിടെ ഡാമും പുഴയും വെള്ളപ്പൊക്കവും കടത്തുവഞ്ചിക്കാരന്റെ കൂക്കുവിളിയുമുണ്ട്.വീട്ടില്‍ കഷ്ടപ്പാടുകള്‍ കൂടിയിട്ടുണ്ടാവും.അയല്‍പക്കങ്ങളില്‍ കടം കുമിഞ്ഞിട്ടുണ്ടാകും.മഴ എല്ലാ നല്ല തുണികളെയും കരിമ്പനടിപ്പിച്ചിട്ടുണ്ടാവും.
അക്കാലത്തുനിന്നുള്ള രണ്ടോര്‍മ്മകള്‍:
1)നനഞ്ഞൊലിച്ച കമുകില്‍ ഉണങ്ങിയ തഴങ്ങ്(കമുകിന്റെ ഓല)കെട്ടിവച്ച് താഴെവച്ച പാത്രത്തിലേക്ക് മഴവെള്ളം പിടിക്കുന്നത്.
2)വഴിയരികില്‍ നിന്ന് കുടക്കടിയിലൂടെ പോസ്റ്മാന്‍ എഴുത്തുനീട്ടുമ്പോള്‍ നനഞ്ഞുപരന്ന സ്നേഹത്തില്‍ കുതിര്‍ന്ന് വേണ്ടപ്പെട്ട ഒരാളുടെ കത്ത് കിട്ടുന്നത്.


ഇതൊക്കെ എണ്‍പതിനുമുമ്പ് ജനിച്ച ഏതൊരു ശരാശരി മലയാളിക്കും
ബാധകമാണ്.അവര്‍ക്കായിരുന്നു ദാരിദ്യ്രവും ദുരിതങ്ങളും.അവര്‍ക്കായിരുന്നു മഴക്കാലം
പേടിക്കാലം.ഇപ്പോള്‍ ദാരിദ്യ്രത്തില്‍നിന്നും മഴദുരന്തങ്ങളില്‍നിന്നും കരകയറാന്‍
ആവശ്യമായ പ്രതിരോധമരുന്നുകള്‍ കഴിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടാണ് നമ്മള്‍
മക്കളെ ഉണ്ടാക്കുന്നത്.അവര്‍ക്ക് ഇതെല്ലാം ഒരു 'കാലാവസ്ഥ' മാത്രം.
എങ്കിലും എത്രയൊക്കെ വേദനിപ്പിച്ചിട്ടും എനിക്ക് മഴയെ ഇഷ്ടമാണ്.വല്ലാത്ത ഇഷ്ടം.
മഴക്കാലം പ്രകൃതിയെ വൃത്തിയാക്കും.

മഴക്കാലത്തെ മലമ്പുഴയിലെ യക്ഷിയാണ് മലയാളിയുടെ യഥാര്‍ത്ഥ മഴക്കാലത്തിന്റെ പ്രതീകം
എന്ന് എനിക്കു തോന്നാറുണ്ട്.കരുത്തുറ്റ നനഞ്ഞ സൌന്ദര്യം.പായലലിഞ്ഞ വശ്യത.നനഞ്ഞ
പുല്ലുകള്‍ കാലിലുരുമ്മുന്ന കാലവര്‍ഷം.എല്ലാം മഴക്കാലയക്ഷിയിലുണ്ട്.
ഇന്ന് കാലത്തുമുതല്‍ എറണാകുളത്തു മഴയാണ്.
വെള്ളം പൊങ്ങിയ റോഡിലൂടെ ബസിലും ഓട്ടോയിലും നടന്നും സഞ്ചരിക്കുമ്പോള്‍ വര്‍ഷത്തെ മുകരുകയായിരുന്നു ഞാന്‍.പടുതയിട്ട ബസിനുള്ളില്‍ ലൈറ്റുകള്‍ തെളിച്ചിട്ടുണ്ട്.യാത്രക്കാര്‍ ഈര്‍പ്പത്തിന്റെ ഈര്‍ഷ്യയുമായി വിറങ്ങലിച്ചുനില്ക്കുന്നു.തുള്ളികള്‍ വീണ് പുള്ളികള്‍ വീണ ഷര്‍ട്ടും ചുരിദാറുമായി സ്ത്രീപുരുഷ•ാര്‍.പുറത്ത് നനഞ്ഞൊലിച്ച കാറുകള്‍.വെള്ളം പൊങ്ങിയ വീഥികള്‍.കടത്തിണ്ണകളില്‍ മഴയൊഴിയാന്‍ കാത്തുനില്ക്കുന്ന മനുഷ്യ•ാര്‍.മാനത്ത് കരിങ്കാറുകള്‍.
നിറമുള്ള കുടകള്‍ ചൂടി മഴയത്തു നടക്കാനാണ് എനിക്കേറെയിഷ്ടം.പിന്നെ,റോഡിലെ വെള്ളം ചവുട്ടിത്തെറുപ്പിച്ച്,വഴിവക്കിലെ ചാഞ്ഞ തെങ്ങോലയോ പച്ചിലയോ എത്തിപ്പിടിച്ച് ഒരു കൂത്താട്ടം.മഴ നോക്കി അന്തംവിട്ട ഒരിരുപ്പ്.ഒരിക്കലും നനയില്ലാത്ത ഇ മെയ്ലുകള്‍ വായിച്ച് ഒരു വിരക്തി.ഓര്‍മ്മകളിലേക്കൊരു പോയിവരവ്. അതൊക്കെയില്ലെങ്കില്‍പ്പിന്നെ ഈ ജീവിതത്തിനെന്താണ് അര്‍ത്ഥം?
എന്നെ പേടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്ത മഴക്കാലത്തിന്റെ സ്മരണകള്‍ എന്നില്‍നിന് അകന്നുകഴിഞ്ഞു.അന്നങ്ങനെയായിരുന്നു.ഇന്ന് അങ്ങനെയല്ല.അതിനാല്‍ ഞാന്‍ മഴയെ വെറുക്കുന്നില്ല.പകരം കാത്തിരിക്കുന്നു.കാത്തിരുന്ന മഴ വന്ന ആഹ്ളാദം മറച്ചുവയ്ക്കാതിരിക്കുന്നു.ഇനിയുമുണ്ട് പദ്ധതികള്‍...മറൈന്‍ഡ്രൈവില്‍ പോയിരുന്ന് പടിഞ്ഞാറന്‍ മാനം കാണണം...കപ്പലുകള്‍ക്കപ്പുറം കടലിന്റെ തുഞ്ചത്ത് കാക്ക കൊത്തിവലിക്കുന്ന കര്‍ക്കടകത്തെ കാണണം...തൃശൂരില്‍പോയി ആനയൂട്ട് കാണണം..പട്ടാമ്പിയില്‍പോയി മഴവെള്ളം തൊട്ട പാലം കാണണം...
ഒടുക്കം വഴിയരികില്‍ ഒരു ഞാവലിന്റെ തൈ വയ്ക്കണം,വരും കാലത്ത് മറ്റുള്ളവര്‍ക്കും മഴ കാണാനായി.
മണ്‍സൂണ്‍ ആശംസകള്‍.
photos:susmesh chandroth


Saturday, June 12, 2010

കോവിലന്‍-തീയില്‍ച്ചുട്ട വാക്കുകള്‍.

.
കോവിലന്‍ മരണമടഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.ആനുകാലികമായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ദിനംപ്രതി പല പല വാര്‍ത്താവിശേഷങ്ങളിലൂടെ കടന്നുപോകുന്ന നമ്മള്‍ കോവിലന്റെ മരണവും ഇതിനകം മറന്നുകഴിഞ്ഞിരിക്കാം.പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ ആ ചരമത്തീയതി ഓര്‍ത്തുവച്ചേക്കാം.എങ്കിലും,എനിക്ക് അത്രയെളുപ്പം മറക്കാനാവുന്നില്ല കോവിലനെ.അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത് അക്കാദമിമുറ്റത്തു നടന്ന ഒരു പൊതുപരിപാടിയില്‍ വച്ചാണ്.എം ടിയും മറ്റുമുണ്ട്.വര്‍ഷങ്ങള്‍ക്കു പിറകിലാണത്.അന്ന് വേദിയിലിരിക്കുന്ന കോവിലന്റെ മുഖത്ത് പോക്കുവെയില്‍ വീഴുന്നുണ്ടായിരുന്നു.വെളുത്ത താടിരോമങ്ങളില്‍ ജ്വലിച്ചുവീഴുന്ന തീമഞ്ഞവെയില്‍.അന്ന് മാതൃഭൂമി തൃശ്ശൂരിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ശ്രീ ഈ വി രാഗേഷ് ആ ചിത്രമെടുത്തിരുന്നു.അടുത്ത കാലത്ത് കോവിലന്റെ അഭിമുഖം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ ആ ചിത്രമാണ് കൊടുത്തിരുന്നത്.എന്റെ മനസ്സിലെ കോവിലന്റെ ചിത്രവും അതാണ്.മുഖത്തിന്റെ ഒരു പാതിയില്‍ കടുംവെയില്‍ വീണിട്ടും അക്ഷോഭ്യനായിരിക്കുന്ന കോവിലന്‍ എന്ന എഴുത്തുകാരന്‍.
മലയാളസാഹിത്യത്തില്‍ മൌലികതയുടെ തീവെട്ടം കണ്ടുകിടക്കുന്ന രചനകളാണ് അദ്ദേഹത്തിന്റേത്.അവയാണ് അദ്ദേഹം മലയാളത്തിനു നല്കിയ സംഭാവന.
വാക്കുകള്‍ തീയില്‍ച്ചുട്ട് കടലാസ്സില്‍ നട്ടുവച്ച എഴുത്തുകാരനായിരുന്നു
കോവിലന്‍.അദ്ദേഹത്തിന്റെ സാഹിത്യം വായിക്കുമ്പോള്‍ നാം ജീവിതത്തിന്റെ
പ്രതിസ്പന്ദങ്ങള്‍ തൊട്ടറിയുന്നു.എന്നുവച്ചാല്‍ മറ്റുള്ളവര്‍ ആവിഷ്കരിക്കുന്നത്
ജീവിതത്തെ അല്ലെന്നല്ല.കോവിലനാണ് അവയെ രൂക്ഷമായി ആളിക്കത്തിച്ചത്.ഇത് മലയാളത്തിനു
കൈവന്ന അപൂര്‍വ്വതയാണ്
.
അതിന്റെ ദൃഷ്ടാന്തമാണ്,അദ്ദേഹത്തിന്റെ തന്നെ ഈ വാക്കുകള്‍.
ഞാന്‍ കാമത്തെപ്പറ്റി എഴുതിയിട്ടില്ല.വിശപ്പിനെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്.
ഇത് അദ്ദേഹം പറഞ്ഞുതന്നെ ഞാന്‍ കേട്ടിട്ടുണ്ട്.തൊണ്ണൂറ്റിയൊമ്പതില്‍ കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ വച്ച്,കേരള സാഹിത്യ അക്കാദമി നടത്തിയ സാഹിത്യക്യാമ്പില്‍.ഞാനന്ന് സാഹിത്യക്യാമ്പുകളില്‍ പങ്കെടുക്കുന്ന ഒരു സാഹിത്യവിദ്യാര്‍ത്ഥിയായിരുന്നു.അതിനുമുമ്പ് ഗുരുവായൂരില്‍ താവളം സാഹിത്യവേദി നടത്തിയ ഏകദിനശില്പശാലയില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.ഒരു പരുക്കന്‍ മനുഷ്യന്‍.ഒരു കഷണം അസ്ഥി എന്നെഴുതിയ ധിഷണാശാലി.ഭയം കലര്‍ന്ന ആദരവോടെ നോക്കിനിന്നു.ഞാന്‍ നേരില്‍ കണ്ടിട്ടുള്ള മറ്റൊരു പച്ചയായ മനുഷ്യന്‍ തകഴിച്ചേട്ടനായിരുന്നു.രണ്ടുപേരും രണ്ടുതരം സാഹിത്യമെഴുതിയവര്‍.രണ്ടുതരത്തില്‍ ജീവിതത്തെ നേരിട്ടവര്‍.പക്ഷേ,സാധാരണക്കാരന്റെ മട്ടും ഭാവവും രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.അക്കാലത്ത് ജീവിച്ചതുകൊണ്ടാവണം അവര്‍ക്ക് ഇത്ര മൂര്‍ച്ചയോടെ കത്തുന്ന വയറുകളെപ്പറ്റി എഴുതാനായത്.അതില്‍ കോവിലനാണ് എന്നെ ആകര്‍ഷിച്ചത്.
ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചശേഷം ഭാരതീയതയെ സ്വാംശീകരിച്ചുകൊണ്ട് കേരളത്തെ
എഴുതുകയാണ് കോവിലന്‍ ചെയ്തത്.കോവിലന്റെ കഥാപാത്രങ്ങള്‍ക്ക് ഭാരതീയതയുടെ
ചൂരുണ്ടായിരുന്നു.കേരളത്തിന്റെ തനിമയുമുണ്ടായിരുന്നു.എന്നാല്‍ അതിലെ എരിവും
പുകച്ചിലും ഇക്കിളിവായനക്കാര്‍ക്ക് വേണ്ടുന്നതായിരുന്നില്ല.എന്നിട്ടും വായനക്കാരെ
തന്റെ വഴിക്കു കൊണ്ടുവരാന്‍ കോവിലനായി.ഇന്നും കോവിലനെ വായിക്കാന്‍ പുതുതലമുറയില്‍
വായനക്കാരുണ്ട്.അവിടെയാണ് കോവിലന്‍ വിജിഗീഷുവാകുന്നത്.
തട്ടകമാണോ തോറ്റങ്ങളാണോ അദ്ദേഹത്തിന്റെ കഥകളാണോ ലേഖനങ്ങളാണോ എനിക്കേറെയിഷ്ടം എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും.ഞാന്‍ വിശ്വസിക്കുന്നത് മലയാളത്തില്‍ സ്വന്തം വഴിക്ക് നോവലെഴുതിയിട്ടുള്ളത് ഉറൂബും കോവിലനുമാണെന്നാണ്.അതില്‍ ഉറൂബിനെ അനുകരിക്കാന്‍ ധാരാളമാളുകളുണ്ടായി.എന്നാല്‍ കോവിലനെ അനുകരിക്കാനോ പിന്തുടരാനോ ഒരാള്‍പോലുമുണ്ടായില്ല.ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല.
പെണ്ണുങ്ങള്‍ ദാരിദ്യ്രംകെ#ാണ്ടല്ലാതെ മെലിയുന്ന ഇക്കാലത്ത് അണിവയറുകളെപ്പറ്റി ധാരാളമായെഴുതാന്‍ പലരുമുണ്ടാവും.എന്നാല്‍,ജഠരാഗ്നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നുപറയാന്‍ കോവിലനില്ല.ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യംനില്ക്കാന്‍ പോവുകയാണ്.അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും.ഭാഷയില്‍ ചില അനുഭവങ്ങളുടെ അഭാവമുണ്ടാവുന്നത് ഇങ്ങനെയാണ് .അത് നികത്താന്‍ കാലത്തിനും കഴിയുകയില്ല.
കോവിലന്റെ കൃതികള്‍ ആ ദൌത്യമേറ്റെടുത്ത് മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കട്ടെ.